International Old
മിർ കാസിം അലിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കിയേക്കുംമിർ കാസിം അലിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കിയേക്കും
International Old

മിർ കാസിം അലിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കിയേക്കും

Alwyn K Jose
|
25 Feb 2017 4:57 AM GMT

ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമി നേതാവ് മിർ കാസിം അലിയുടെ വധ ശിക്ഷ ഉടന്‍ നടപ്പാക്കിയേക്കും.

ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമി നേതാവ് മിർ കാസിം അലിയുടെ വധ ശിക്ഷ ഉടന്‍ നടപ്പാക്കിയേക്കും. തൂക്കിലേറ്റാനുള്ള വിധിക്കെതിരെ പ്രസിഡന്റിന് ദയാഹരജി നല്‍കില്ലെന്ന് മിർ കാസിം അലി വ്യക്തമാക്കിയതോടെയാണിത്. മിർ കാസിം അലിയെ തൂക്കിലേറ്റാനുള്ള കീഴ്‍ക്കോടതി വിധിക്ക് സുപ്രീംകോടതി നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

1971ലെ ബംഗ്ലാദേശ് വിമോചന സമരവുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങള്‍ ചെയ്തുവെന്നാരോപിച്ചാണ് യുദ്ധക്കുറ്റ കേസുകൾ പരിഗണിക്കുന്ന ട്രൈബ്യൂണൽ മിർ കാസിം അലിക്കെതിരെ വധശിക്ഷ വിധിച്ചത്. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാവും സംഘടനക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രമുഖരിൽ ഒരാളുമാണ് മിർ കാസിം അലി. വധശിക്ഷക്ക് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതോടെ പ്രസിഡന്‍റിന് ദയാഹരജി നൽകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പ്രസിഡന്‍റിന് ദയാഹരജി നൽകാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ ഏതു നിമിഷത്തിലും മിർ കാസിമിന്‍റെ ശിക്ഷ നടപ്പാക്കും. 1971ലെ യുദ്ധക്കുറ്റത്തിന്റെ പേരില്‍ വധശിക്ഷ ലഭിക്കുന്ന ജമാഅത്ത് നേതാക്കളില്‍ ഒടുവിലത്തെയാളാണ് മിർ കാസിം അലി. നേരത്തെ നാല് മുതിർന്ന ജമാഅത്തെ ഇസ് ലാമി നേതാക്കൾ അടക്കം അഞ്ച് പ്രതിപക്ഷ നേതാക്കളെ യുദ്ധക്കുറ്റങ്ങളാരോപിച്ച് തൂക്കിലേറ്റിയിരുന്നു. അതേസമയം ബംഗ്ലാദേശ് സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ പകപോക്കുകയാണെന്നും അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണല്‍ സര്‍ക്കാര്‍ ചട്ടുകമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും നേരത്തെ അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലിനെതിരെ രംഗത്ത് വന്നിരുന്നു.

Similar Posts