വേശ്യാവൃത്തി ഫ്രാന്‍സില്‍ ഇനി ക്രിമിനല്‍ കുറ്റം
|യൂറോപ്പിന്റെയും പ്രത്യേകിച്ച് ഫ്രാന്‍സിന്റെയും ലിബറല്‍ സാഹചര്യത്തില്‍ നിന്ന് പെട്ടെന്നുള്ള മാറ്റമാണ് നിയമം പാസ്സാക്കുന്നതിലൂടെ രാജ്യത്തുണ്ടാവുന്നത്. ഇടപാടുകാര്‍ക്ക് 1,500 യൂറോ വരെ പിഴ ചുമത്തുന്നതാണ് നിയമം
വേശ്യാവൃത്തിയെ ക്രിമിനല്‍ കുറ്റമായി കാണുന്ന നിയമം ഫ്രഞ്ച് പാര്‍ലമെന്റിന്റെ ലോവര്‍ ഹൌസ് പാസ്സാക്കി. വേശ്യാവൃത്തിയിലേര്‍പ്പെടുന്ന ഇടപാടുകാര്‍ക്ക് പിഴ ശിക്ഷയായി ചുമത്തുന്നതാണ് നിയമം. നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് അഭിപ്രായ വ്യത്യാസം രൂക്ഷമായി.
ലൈംഗിക ത്തൊഴിലാളികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് വേശ്യാവൃത്തിയെ ക്രിമിനല്‍കുറ്റമായി കാണുന്ന നിയമം ഫ്രഞ്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നിയമം പാര്‍ലമെന്റിന്റെ ലോവര്‍ ഹൌസില്‍ പാസ്സാക്കി. പാര്‍ലമെന്റ് അംഗങ്ങളില്‍ 64 പേര് നിയമത്തിനനുകൂലമായി വോട്ട് ചെയ്തു. 12 പേര് എതിര്‍ത്തു. യൂറോപ്പിന്റെയും പ്രത്യേകിച്ച് ഫ്രാന്‍സിന്റെയും ലിബറല്‍ സാഹചര്യത്തില്‍ നിന്ന് പെട്ടെന്നുള്ള മാറ്റമാണ് നിയമം പാസ്സാക്കുന്നതിലൂടെ രാജ്യത്തുണ്ടാവുന്നത്. ഇടപാടുകാര്‍ക്ക് 1,500 യൂറോ വരെ പിഴ ചുമത്തുന്നതാണ് നിയമം. രാജ്യത്ത് മനുഷ്യക്കടത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് നിയമം പാസ്സാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
ഫ്രാന്‍സിലെ വേശ്യാവൃത്തിയുടെ ഇരകളില്‍ 90 ശതമാനവും നൈജിരിയന്‍, ചൈനീസ്, റൊമാനിയന്‍ നെറ്റ് വര്‍ക്കുകളില്‍ അകപ്പെട്ടവരാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇവരുടെ എണ്ണം 40000ത്തോളം വരും. ചില വനിതാ സംഘടനകള്‍ വേശ്യാവൃത്തി രാജ്യത്ത് പൂര്‍ണമായി നിരോധിക്കണമെന്ന ആവശ്യവുമുയര്ത്തുന്നു. വേശ്യാവൃത്തിയിലൂടെ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുകായണെന്ന് ഇവര്‍ പറയുന്നു.
എന്നാല്‍ നീക്കത്തില്‍ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ലൈംഗികത്തൊഴിലാളികള്‍ തെരുവിലിറങ്ങി. രണ്ടരവര്‍ഷത്തോളമായി പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് സോഷ്യലിസ്ററുകളുടെ പിന്തുണയോടെ സര്‍ക്കാര്‍ ലോവര്‍ ഹൌസില്‍ പാസ്സാക്കിയത്.