ന്യൂയോര്‍ക്ക് സ്ഫോടനത്തിന് ഭീകരസംഘടനാബന്ധമുണ്ടെന്ന് ആന്‍ഡ്യൂ കുമോ
|പക്ഷേ സംഭവത്തിന് അന്താരാഷ്ട്രബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലുണ്ടായ സ്ഫോടനത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡ്യൂ കൂമോ. പക്ഷേ സംഭവത്തിന് അന്താരാഷ്ട്രബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ശനിയാഴ്ച പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് സ്ഫോടനമുണ്ടായത്. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടിലെ സിസ്ത്, സെവന്ത് അവന്യൂകളുടെ ഇടയിലുള്ള 23ാം സ്ട്രീറ്റിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്യൂ കൂമോ പറഞ്ഞു.
സ്ഫോടനം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പക്ഷേ സംഭവത്തിന് അന്താരാഷ്ട്ര ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി നഗരത്തില്‍ ആയിരത്തോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസ് തമ്പടിച്ചിട്ടുണ്ട്. സംഭവം നടന്നതിന് സമീപത്തുനിന്ന് രണ്ട് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ 29 പേരെയും ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. സംഭവത്തിന് മണിക്കൂറുകള്‍ മുമ്പ് ന്യൂ ജഴ്സിയില്‍ പൈപ്പ് ബോംബ് സ്ഫോടനമുണ്ടായിരുന്നു.