ഇറാനെതിരെ ഉപരോധം: അമേരിക്കയ്ക്ക് ജര്‍മനിയുടെ പിന്തുണ
|ഇറാനെതിരെ അമേരിക്ക നടത്തിയ പ്രതികരണം മനസ്സിലാക്കുന്നുവെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ പറഞ്ഞു
ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനത്തിന് ജര്‍മനിയുടെ പിന്തുണ. ഇറാനെതിരെ അമേരിക്ക നടത്തിയ പ്രതികരണം മനസ്സിലാക്കുന്നുവെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ പറഞ്ഞു. ഇറാന് തീ കൊണ്ടാണ് കളിക്കുന്നതെന്നും ഒബാമ കാണിച്ചതു പോലുള്ള കരുണ തന്നില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയ ഇറാനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ഇറാനെതിരെ പുതിയ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഈ നടപടിയെയാണ് ജര്‍മന്‍ വിദേശകാര്യമന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ പിന്തുണച്ചത്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടേരിസുമായി പ്രാദേശിക - ആഗോള രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ന്യൂയോര്‍ക്കിലെത്തിയ സിഗ്മര്‍ ഗബ്രിയേല്‍ ഇറാന് വിഷയത്തില്‍ അമേരിക്കയുടെ പ്രതികരണം മനസ്സിലാക്കുന്നുവെന്ന് പ്രസ്താവിച്ചു.
ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം യുഎന്‍ സുരക്ഷാ സമിതിയുടെ പ്രമേയങ്ങളുടെ പരിപൂര്‍ണമായ ലംഘനമാണെന്നും സിഗ്മര്‍ ഗബ്രിയേല്‍ ചൂണ്ടിക്കാട്ടി. 2015ല്‍ ആറ് ആഗോളശക്തികളുമായി ഇറാന് നടത്തിയ ആണവ കരാര്‍ ചര്‍ച്ചകളെ ഇപ്പോഴത്തെ മിസൈല്‍ പരീക്ഷണവുമായി ചേര്‍ത്തുവെക്കാനുള്ള ശ്രമങ്ങള്‍ തെറ്റാണെന്നും ജര്‍മന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.