ഒളിമ്പിക് മൈതാനത്ത് ഒരു വിവാഹ നിശ്ചയം
|സ്വവര്‍ഗാനുരാഗികളായ ഇരുവരും ദീര്‍ഘ നാളായി പ്രണയത്തിലായിരുന്നു
വനിതകളുടെ റഗ്ബി സെവന്‍സ് മൈതാനം ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചു. ഒളിംപിക് മൈതാനത്ത് വെച്ചുള്ള ഒരു വിവാഹ നിശ്ചയത്തിന്. ബ്രസീലിയന്‍ റഗ്ബി താരമായ ഇസഡോറ സെറുല്ലോയെ മൈതാനത്തിന്റെ വളണ്ടിയര്‍ മാനേജര്‍ കൂടിയായ മര്‍ജോറി എന്യയാണ് വിവാഹമാലോചിച്ചത്.
വനിതകളുടെ റഗ്ബി സെവന്‍ സില്‍ നോക്കൌട്ട് ഘട്ടം കാണാതെ ബ്രസീല്‍ പുറത്തായി. ഇഞ്ചോടിഞ്ച് മത്സരത്തിന് ഒടുവിലാണ് ബ്രസീല്‍ നിര്‍ണായക മത്സരം പരാജയപ്പെട്ടത്. പക്ഷേ ടീമംഗമായ ഇസഡോറയെ ഒരു സന്തോഷം കാത്തിരിപ്പുണ്ടായിരുന്നു. മൈതാനത്ത് വെച്ച് പരസ്യമായി തന്നെ ഗ്രൌണ്ട് മാനേജര്‍ കൂടിയായ മര്‍ജ്യോറി എന്യ ഇസഡോറയോട് വിവാഹഭ്യാര്‍ഥന നടത്തി. ഇസഡോറ അത് സ്വീകരിക്കുകയും ചെയ്തു.
സ്വവര്‍ഗാനുരാഗികളായ ഇരുവരും ദീര്‍ഘ നാളായി പ്രണയത്തിലായിരുന്നു. രണ്ട് വര്‍ഷമായി ഒരുമിച്ചാണ് താമസം.കാണികള്‍ കയ്യടികളോടെയാണ് ഇരുവരുടെയും തീരുമാനം വരവേറ്റത്.
സ്നേഹം ജയിക്കണമെന്ന് ലോകം കാണണം എന്നായിരുന്നു സംഭവ ശേഷം ഇസഡോറ പ്രതികരിച്ചത്. തീരുമാനത്തെ അന്താരാഷ്ട്ര ഒളിംപിക് സമിതിയും സ്വാഗതം ചെയ്തു. ഇസഡോറ ഭാഗ്യവതിയാണെന്നും സന്തോഷമുണ്ടെന്നുമായിരുന്നു സഹതാരങ്ങളുടെ പ്രതികരണം.