ഒബാമയെ ചുവപ്പ് പരവതാനിയില്ലാതെ സ്വീകരിച്ച് ചൈന; ഇറങ്ങാന്‍ ഗോവണി നിഷേധിച്ചു
|ഗ്യാങ്ഷ്യൂ വിമാനത്താവളത്തില്‍ ഒബാമയുടെ വിമാനം ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന് ചൈനീസ് അധികൃതര്‍ മൊബൈല്‍ ഗോവണി നല്‍കിയില്ല
ജി 20 ഉച്ചകോടിക്കായി ചൈനയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാക്ക് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ഗോവണി നിഷേധിച്ചതും ചുവന്ന പരവതാനി വിരിക്കാത്തതും വിവാദമായി. ഗ്യാങ്ഷ്യൂ വിമാനത്താവളത്തില്‍ ഒബാമയുടെ വിമാനം ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന് ചൈനീസ് അധികൃതര്‍ മൊബൈല്‍ ഗോവണി നല്‍കിയില്ല. അമേരിക്കയുടെയും ചൈനയുടെയും മൂല്യങ്ങള്‍ തമ്മിലുള്ള അന്തരമാണ് എയര്‍പോര്‍ട്ട് സംഭവമെന്നായിരുന്നു ഒബാമയുടെ പ്രതികരണം.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, റഷ്യന്‍ പ്രസിഡന്റ് വ്‍ളാദിമര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഗ്യാങ്ഷ്യൂവില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. മോദി അടക്കമുള്ള നേതാക്കളെ വിമാനത്താവളത്തില്‍ ഊഷ്മളമായി സ്വീകരിക്കുകയും ചുവന്ന പരവതാനി വിരിച്ചുമാണ് ചൈനീസ് അധികൃതര്‍ സ്വീകരിച്ചത്. ഈ നേതാക്കള്‍ക്കെല്ലാം ഉചിതമായ സ്വീകരണം നല്‍കിയപ്പോള്‍ മുന്‍തീരുമാന പ്രകാരം ഒബാമയെ ചൈന മനപ്പൂര്‍വം അപമാനിക്കുകയായിരുന്നുവെന്ന് ചൈനയിലെ മുന്‍ മെക്സിക്കന്‍ അംബാസഡര്‍ ജോര്‍ജ് ഗ്വാജാര്‍ഡോ പറഞ്ഞു. ഗ്യാങ്ഷൂ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ മൊബൈല്‍ ഗോവണി നല്‍കാത്തതിനെ തുടര്‍ന്ന് പിന്‍വാതില്‍ വഴി വിമാനത്തിന്റെ തന്നെ ഗോവണിയിലൂടെയാണ് ഒബാമ ഇറങ്ങിയത്.
അമേരിക്കയുടെയും ചൈനയുടെയും മൂല്യങ്ങള്‍ തമ്മിലുള്ള അന്തരമാണ് എയര്‍പോര്‍ട്ട് സംഭവം വ്യക്തമാക്കുന്നതെന്നായിരുന്നു ഒബാമയുടെ പ്രതികരണം. എയര്‍പോര്‍ട്ടില്‍ താന്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കങ്ങള്‍ ആരും കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ നടപടികളും പ്രോട്ടോകോളുകളും പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും അവ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണ് പതിവെന്നും ഒബാമ വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഒബാമയുടെ അവസാന ഏഷ്യന്‍ യാത്രയാണിത്. കാലാവസ്ഥാ വ്യതിയാനത്തില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള സഹകരണമാകും ഒബാമ പ്രധാനമായും ഉച്ചകോടിയില്‍ ഉന്നയിക്കുക.