ട്രംപിന്റെ യാത്രാ വിലക്ക്: ഇറാഖിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും
|ഭീകര സംഘടനയായ ഐഎസിനെതിരെ ഇറാഖ് നടത്തുന്ന പോരാട്ടം പരിഗണിച്ചാണ് പുതിയ നടപടി
ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ബില്ലില്‍ നിന്ന് ഇറാഖിനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഭീകര സംഘടനയായ ഐഎസിനെതിരെ ഇറാഖ് നടത്തുന്ന പോരാട്ടം പരിഗണിച്ചാണ് പുതിയ നടപടിയെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റും പെന്റഗണുമാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ബുധനാഴ്ച പുതുക്കിയ ഉത്തരവില്‍ ട്രംപ് ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഇറാന്, സിറിയ, യെമന്‍, ഇറാഖ്, സൊമാലിയ, ലിബിയ, സുദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ട്രംപ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. തീരുമാനം വന്‍ വിവാദമായിരുന്നു. ഒടുവില്‍ കോടതി ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനത്തിന് സ്റ്റേ ലഭിച്ചത്. അതേസമയം തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് വൈറ്റ് ഹൗസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.