International Old
തുര്‍ക്കിയില്‍ വിമതര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാവുന്നുതുര്‍ക്കിയില്‍ വിമതര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാവുന്നു
International Old

തുര്‍ക്കിയില്‍ വിമതര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാവുന്നു

Subin
|
2 May 2017 5:23 PM GMT

2004ല്‍ റദ്ദാക്കിയ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് രജത് ത്വയിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. അട്ടിമറിയില്‍ പങ്കെടുത്ത 6000ത്തിലധികമാളുകള്‍ പിടിയിലായതായി ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

തുര്‍ക്കിയില്‍ വിമതര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാവുന്നു. 2004ല്‍ റദ്ദാക്കിയ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് രജത് ത്വയിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. അട്ടിമറിയില്‍ പങ്കെടുത്ത 6000ലധികമാളുകള്‍ പിടിയിലായതായി ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.

പട്ടാള അട്ടിമറിശ്രമം പരാജയപ്പെട്ടതിനു പിന്നാലെ തുര്‍ക്കിയില്‍ ജനാധിപത്യ സര്‍ക്കാറിനെതിരെ വിമതനീക്കം നടത്തിയവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കി. 6000ത്തിലധികമാളുകള്‍ അറസ്റ്റിലായതായി നീതിന്യായ വകുപ്പ് മന്ത്രി ബകിര്‍ ബുസ്താഗ് മാധ്യമങ്ങളെ അറിയിച്ചു. അറസ്റ്റ് ഇനിയും തുടരാനാണ് സാധ്യത. വ്യത്യസ്ത ഗ്രേഡുകളിലുള്ള 34 സൈനിക ജനറല്‍മാര്‍ പിടിയിലായവരിലുണ്ട്. ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരുമടക്കം 2745 പേര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുമുണ്ട്. ഇവരില്‍ 12 പേര്‍ പിടിയിലായി. വധശിക്ഷ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

യൂറോപ്യന്‍ യൂനിയന്‍ അംഗത്വം ലഭിക്കുന്നതിന് വേണ്ടി 2004ലാണ് തുര്‍ക്കി വധശിക്ഷ നിര്‍ത്തലാക്കിയത്. വധശിക്ഷ പുനരാരംഭിക്കുകയാണെങ്കില്‍ തുര്‍ക്കി- യൂറോപ്യന്‍ യൂനിയന്‍ ബന്ധത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെയുള്ള നടപടികള്‍ ഇയു രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുമെന്ന നിഗമനങ്ങളെ മുന്‍ പ്രധാനമന്ത്രി ദാവുദോഗ്ലു തള്ളി. അട്ടിമറിക്ക് ശ്രമിച്ചത് ഫഹ്ത്തുള്ള ഗുലാന്‍റെ സംഘമാണെന്ന ആരോപണം ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു.

അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ താമസിക്കുന്ന ഇദ്ദേഹത്തെ വിട്ടുതരണമെന്ന് തുര്‍ക്കി സര്‍ക്കാര്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ അമേരിക്ക നിലപാട് വ്യക്തമാക്കിയിട്ടില്ല. ആരോപണങ്ങള്‍ ഗുലനും തള്ളിക്കളഞ്ഞിട്ടുണ്ട്. അനുയായികളെയും അനുഭാവികളെയും തെരുവിലിറക്കി ജനങ്ങളുടെ പിന്തുണ തെളിയിക്കാന്‍ ഉര്‍ദുഗാന് കഴിഞ്ഞു. വിവിധ നഗരങ്ങളില്‍ നടന്ന റാലികളില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. പതാകവീശി മുദ്രാവാക്യം മുഴക്കിയും നൃത്തം ചെയ്തും അവര്‍ സര്‍ക്കാരിനെ പിന്തുണച്ചു.

Related Tags :
Similar Posts