ഫ്രാന്‍സില്‍ ഹൈസ്കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കും പ്രധാനാധ്യാപകനും പരിക്കേറ്റു
|തെക്കു കിഴക്കന്‍ ഫ്രാൻസിലെ ഗ്രാസ് പട്ടണത്തിലാണ് ഒരു ഹൈസ്കൂളില്‍ വെടിവെപ്പുണ്ടായത്
ഫ്രാന്‍സില്‍ ഹൈസ്കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കും സ്കൂളിലെ പ്രധാനാധ്യാപകനും പരിക്കേറ്റു. സംഭവം വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്നമാണെന്നും തീവ്രവാദ ബന്ധമില്ലെന്നും അധികൃതർ വിശദീകരിച്ചു. അതിനിടെ പാരീസിലെ ഐഎംഎഫ് ആസ്ഥാനത്തുണ്ടായ ലെറ്റര്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
തെക്കു കിഴക്കന്‍ ഫ്രാൻസിലെ ഗ്രാസ് പട്ടണത്തിലാണ് ഒരു ഹൈസ്കൂളില്‍ വെടിവെപ്പുണ്ടായത്. വ്യാഴാഴ്ച സ്കൂളിലെത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ അതേ സ്കൂളിലെ വിദ്യാര്‍ഥി തന്നെയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ 17 വയസ്സുകാരനായ ഒരാളെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു. കുറ്റകൃത്യം നടത്തിയ വിദ്യാര്‍ഥി ആക്രമണത്തിന് തൊട്ടുമുമ്പ് അമേരിക്കന്‍ സ്റ്റയില് മാസ് ഷൂട്ടിംഗ് വീഡിയോ കണ്ടിരുന്നതായും സംഭവത്തിനു പിന്നില്‍ മറ്റു തീവ്രവാദ ബന്ധങ്ങളില്ലെന്നാണ് പ്രാഥമിക സൂചനയെന്നും പൊലീസ് വിശദീകരിച്ചു.
അതേസമയം ഐ.എം.എഫ് ആസ്ഥാനത്തുണ്ടായ സ്ഫോടനത്തില്‍ വിശദാംശങ്ങള്‍ ഇനിയും വ്യക്തമാകേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്. വ്യാഴാഴ്ചയാണ് പാരീസിലെ ഐഎംഎഫ് ആസ്ഥാനത്ത് ലെറ്റര്‍ ബോംബ് പൊട്ടിത്തെറിച്ചത്. കത്ത് തുറന്ന ഐ.എം.എഫ് ഉദ്യോഗസ്ഥക്ക് നിസാര പരിക്കേറ്റിരുന്നു. പ്രാദേശികമായി നിർമിച്ചതാണ് ലെറ്റർ ബോംബെന്ന് കണ്ടെത്തിയിരുന്നെങ്കിലും സംഭവത്തിനു പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെയുണ്ടായ ഇരു സംഭവങ്ങളും ഗൌരവത്തോടെയാണ് സര്‍ക്കാര്‍ നോക്കിക്കാണുന്നത്. രണ്ട് വര്‍ഷത്തിനിടെ വിവിധ തീവ്രവാദ ആക്രണണങ്ങളിലായി 230 ഓളം പേര്‍ക്കാണ് ഫ്രാന്‍സില്‍ ജീവന് നഷ്ടമായത്.