സിറിയയില്‍ പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പുടിന്‍
|ഒരു കരാര്‍ ഒപ്പ് വെച്ചാല്‍ എല്ലാവരും ഒരുപോലെ അതിലെ നിബന്ധനകള്‍ പാലിക്കണമെന്നും കരാര്‍ ലംഘിച്ച ശേഷം റഷ്യയെ കുറ്റപ്പെടുത്തുന്നത് മര്യാദകേടാണെന്നും പുടിന്‍ ആരോപിച്ചു.
സിറിയയില്‍ റഷ്യ ഇപ്പോള്‍ സംയമനം പാലിച്ചിരിക്കുകയാണെന്നും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്റെ മുന്നറിയിപ്പ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം സിറിയയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുകയാണെന്നും പുടിന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഏഴ് ദിവസമായി സിറിയയില്‍ വ്യോമാക്രമണം പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുകയാണെന്ന് വ്‌ലാദിമര്‍ പുടിന്‍ പറഞ്ഞു. ഒരു കരാര്‍ ഒപ്പ് വെച്ചാല്‍ എല്ലാവരും ഒരുപോലെ അതിലെ നിബന്ധനകള്‍ പാലിക്കണമെന്നും കരാര്‍ ലംഘിച്ച ശേഷം റഷ്യയെ കുറ്റപ്പെടുത്തുന്നത് മര്യാദകേടാണെന്നും പുടിന്‍ ആരോപിച്ചു.
തെക്കന്‍ റഷ്യയില്‍ നടന്ന പൊതു പരിപാടിലാണ് അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യത്തെ വിമര്‍ശിച്ചുകൊണ്ട് പുടിന്‍ സംസാരിച്ചത്. റഷ്യയോടോ സഖ്യ കക്ഷികളോടോ അപമര്യാദയായി പെരുമാറിയാല്‍ ഇനി ക്ഷമിച്ച് നില്‍കില്ല എന്നും പുടിന്‍ പറഞ്ഞു.