മാധ്യമ സ്വാതന്ത്ര്യത്തില്‍ 180 രാജ്യങ്ങളില്‍ ഇന്ത്യക്ക് 133-ാം സ്ഥാനം
|മാധ്യമപ്രവര്‍ത്തകരും ബ്ലോഗര്‍മാരും നേരിടുന്ന ഭീഷണികള്‍ തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകുന്നില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യക്ക് 133-ാം സ്ഥാനമെന്ന് സര്‍വേ. 180 രാജ്യങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച സര്‍വേയിലാണ് ഇന്ത്യ 133-ാം സ്ഥാനത്തു നില്‍ക്കുന്നത്. പാരീസ് ആസ്ഥാനമാക്കിയ വിത്തൗട്ട് ബോര്‍ഡേഴ്സ് എന്ന എന്‍.ജി.ഒയാണ് പഠനം നടത്തിയത്. ഫിന്‍ലാന്റ്, നെതര്‍ലാന്റ്, നോര്‍വെ എന്നീ രാജ്യങ്ങളാണ് മാധ്യമസ്വാതന്ത്രത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
മാധ്യമപ്രവര്‍ത്തകരും ബ്ലോഗര്‍മാരും നേരിടുന്ന ഭീഷണികള്‍ തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകുന്നില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരില്‍നിന്നും വിവിധ ചിന്താധാരകളില്‍നിന്നും സ്വകാര്യ മേഖലയില്‍നിന്നുമാണ് മാധ്യമസ്വാതന്ത്ര്യത്തിന് ഭീഷണി ഉയരുന്നത്. വിവിധ മതസംഘടനകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേര്‍ക്ക് ആക്രമണം അഴിച്ചുവിടുന്നതായി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. സര്‍ക്കാര്‍ പ്രശ്നബാധിതമായി കാണുന്ന കശ്മീര്‍ പോലുള്ള സ്ഥലങ്ങളിലെ മാധ്യമപ്രവര്‍ത്തനം നടത്തുന്നതിന് വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായും സര്‍വേ സൂചിപ്പിക്കുന്നു. മാധ്യമസ്വതന്ത്രത്തിന്റെ കാര്യത്തില്‍ ആഫ്രിക്ക അമേരിക്കയെക്കാല് മുന്നിലാണെന്ന് വിത്തൗട്ട് ബോര്‍ഡര്‍ കണ്ടെത്തി. ചൈനക്ക് 176ാം സ്ഥാനമുള്ള സര്‍വേയില്‍ ഉത്തര കൊറിയ, സിറിയ, എറിത്രിയ എന്നിവയാണ് സര്‍വേയില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന രാജ്യങ്ങള്‍..