അലപ്പോയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍
|വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുവരെയാണ് വെടിനിര്‍ത്തല്‍. ഉപരോധഗ്രാമത്തില്‍നിന്ന് ആളുകളെ മാറ്റാനും അനുവദിച്ചിട്ടുണ്ട്.
വടക്കന്‍ സിറിയയിലെ അലപ്പോയില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുവരെയാണ് വെടിനിര്‍ത്തല്‍. ഉപരോധഗ്രാമത്തില്‍നിന്ന് ആളുകളെ മാറ്റാനും അനുവദിച്ചിട്ടുണ്ട്.
മാനുഷിക പരിഗണന കണക്കിലെടുത്താണ് വ്യോമാക്രമണം താല്‍കാലികമായി നിര്‍ത്തിവെക്കുന്നതെന്ന് റഷ്യന്‍ സൈനിക നേതൃത്വം പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നിര്‍ത്തിവെക്കുന്നതായി റഷ്യ പ്രഖ്യാപിച്ചത്. കിഴക്കന്‍ അലപ്പോയില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ദമ്പതികളും മൂന്നു മക്കളുമുള്‍പ്പെടെ 36 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണിത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കും വരെ ആലപ്പോയില്‍ ഭക്ഷണമെത്തിക്കാനാകില്ലെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്തിടെയുണ്ടായ ആക്രമണങ്ങളില്‍ 430 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യയുടെ താല്‍കാലിക വെടിനിര്‍ത്തലിനെ യുഎന്‍ സ്വാഗതം ചെയ്തു. എന്നാല്‍, ഉപരോധ മേഖലകളില്‍നിന്ന് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും വേണമെന്ന് യുഎന്‍ ചൂണ്ടിക്കാട്ടി.