അഭയാര്‍ഥി പ്രതിസന്ധി: ഇയു പദ്ധതി ഹംഗറി തള്ളി
|ഹംഗറി സ്വീകരിച്ച അഭയാര്‍ഥി വിരുദ്ധ കാമ്പയിനെതിരെ വലിയ പ്രതിഷേധമാണ് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുണ്ടാകുന്നത്.
അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാനുള്ള യൂറോപ്യന്‍ യൂനിയന്‍ പദ്ധതി ഹംഗറി തള്ളി. ഇന്നലെ നടന്ന ഹിതപരിശോധനയില്‍ അഭയാര്‍ഥികളെ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടുകാര്ക്കാണ് ഭൂരിപക്ഷം ലഭിച്ചത്. പദ്ധതി തള്ളിക്കളയണമെന്ന് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്തോര്‍ ഓര്ബന് ആഹ്വാനം ചെയ്തിരുന്നു.
ഹിതപരിശോധനയുടെ എല്ലാഘട്ടത്തിലും പദ്ധതി യൂറോപ്പിന്റെ സുരക്ഷിതത്വത്തെ തന്നെ ബാധിക്കുമെന്ന നിലപാടാണ് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്തോര്‍ ഓര്ബന് സ്വീകരിച്ചത്. എക്സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് അഭയാര്‍ഥി വിരുദ്ധ നിലപാടുകാര്‍ക്ക് 98 ശതമാനം വോട്ടുകള്‍ ലഭിച്ചു. ഇനി ഹംഗറി അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ പറയാന്‍ കഴിയില്ലെന്ന് ഓര്ബന് പറഞ്ഞു.
160000 അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തീരുമാനിച്ച പദ്ധതി പ്രകാരം ഹംഗറി സ്വീകരിക്കേണ്ടിയിരുന്നത് 1294 പേരെയായിരുന്നു. ജര്‍മനിയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുമുള്ള അഭയാര്‍ഥികളുടെ സഞ്ചാരം ഹംഗറിയിലൂടെയായിരുന്നു. ഹിതപരിശോധനയില്‍ അഭയാര്‍ഥിവിരുദ്ധ കാമ്പയിനിന് ചുക്കാന്‍ പിടിച്ചത് ഹംഗേറിയന്‍ സര്‍ക്കാര്‍ തന്നെയായിരുന്നു. ദേശീയ അസംബ്ലിയുടെ പിന്തുണയില്ലാത്ത യൂറോപ്യന്‍ യൂനിയന്‍ പദ്ധതിയെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയിരുന്നത്.
അഭയാര്‍ഥികളെ കൂടുതലായി എത്തുന്ന ഗ്രീസും ഇറ്റലിയും നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് അഭയാര്‍ഥികളെ പങ്കിട്ടെടുക്കുന്ന പദ്ധതി യൂറോപ്യന്‍ യൂനിയന്‍ അവതരിപ്പിച്ചത്. എന്നാല്‍ പദ്ധതിക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ ഹംഗറി അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. ഹംഗറി സ്വീകരിച്ച അഭയാര്‍ഥി വിരുദ്ധ കാമ്പയിനെതിരെ വലിയ പ്രതിഷേധമാണ് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുണ്ടാകുന്നത്.