അമേരിക്കയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ട്രംപ് അനുകൂലികളുടെ ആക്രമണം
|ലൂസിയാന , കാലിഫോര്‍ണിയ സര്‍വകലാശാലകളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടെന്നാണ് പരാതി.
അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് അനുകൂലികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. ലൂസിയാന , കാലിഫോര്‍ണിയ സര്‍വകലാശാലകളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടെന്നാണ് പരാതി. അമേരിക്ക കാലങ്ങളായി പിന്തുടരുന്ന നയങ്ങള്‍ക്ക് വിരുദ്ധമാണ് ട്രംപിന്റെ നിലപാടെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അഭിപ്രായപ്പെട്ടു.
ഡൊണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപക അക്രമങ്ങള്‍ നടക്കുന്നതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ചാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാലിഫോര്‍ണിയ, ലൂസിയാന സര്‍വകലാശാലകളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ട്രംപ് അനുകൂലികളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മുസ്ലിംകളും മെക്സിക്കന്‍ ജനതയും അമേരിക്കയുടെ സാമാധാനത്തിനും സാന്പത്തിക സുസ്ഥിരതയ്ക്കും ഭീഷണിയാണെന്ന പ്രചരണം നടത്തിയാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് പദവിലേക്ക് എത്തുന്നത്. മുസ്ലിംകള് രാജ്യത്ത് എത്തുന്നതിനെ വിലക്കുമെന്നും മെക്സിക്കന്‍ കുടിയേറ്റം തടയുന്നതിന് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ മതില് പണിയുമെന്നുമായിരുന്നു ട്രംപിന്റെ പ്രചരണത്തിലെ പ്രധാന മുദ്രവാക്യങ്ങള്‍. ട്രംപിന്റെ വാദഗതികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ തീവ്ര വലതുപക്ഷ ശക്തികളുടെ പിന്തുണ ലഭിക്കുകയും ചെയ്തു. പക്ഷേ നല്ല ഭരണത്തിനായുള്ള വഴി ഇതല്ലെന്നും മനുഷ്യാവകാശങ്ങളെ മാനിക്കുകയും തുല്യനീതി ഉറപ്പുവരുത്തുകയും വേണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഡയറക്ടര്‍ കെന്നത്ത് റോത്ത് ആവശ്യപ്പെട്ടു.