ഇന്ത്യക്കെതിരെ ഭീഷണിയുമായി ഹാഫിസ് സഈദ്
|കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ വിഘടിത നേതാവ് സയ്യിദ് അലി ഷാ ഗീലാനി മുന്നോട്ട് വെച്ച നാലിന നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇന്ത്യ യുദ്ധത്തിനൊരുങ്ങിക്കോളൂ എന്നാണ് ഹാഫിസ് സഈദിന്റെ ഭീഷണി.
ഇന്ത്യക്കെതിരെ ഭീഷണിയുമായി ലശ്കറെ ത്വയ്ബ തലവന്‍ ഹാഫിസ് സഈദ്. കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ വിഘടിത നേതാവ് സയ്യിദ് അലി ഷാ ഗീലാനി മുന്നോട്ട് വെച്ച നാലിന നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇന്ത്യ യുദ്ധത്തിനൊരുങ്ങിക്കോളൂ എന്നാണ് ഹാഫിസ് സഈദിന്റെ ഭീഷണി. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ഹാഫിസ് സഈദ് അവകാശപ്പെട്ടു.
പാക്കിസ്ഥാനിലെ ഗുജ്റാന്‍വാലയില്‍ നടത്തിയ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഹാഫിസ് സഈദിന്റെ ഭീഷണി. സയ്യിദ് അലി ഷാ ഗീലാനി കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ നാല് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഒന്നുകില്‍ ഇവ അംഗീകരിക്കുക. അല്ലെങ്കില്‍ യുദ്ധത്തിന് തയ്യാറാവുക എന്നാണ് ഹാഫിസ് സഈദിന്റെ ഭീഷണി. ഇന്ത്യന്‍ സുരക്ഷ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയും കാശമീരിലെ വനിത സായുധ പോരാളി ആയിശ അന്ദ്രാബിയുമായും തനിക്ക് ബന്ധമുള്ളതായും ഹാഫിസ് സഈദ് അവകാശപ്പെട്ടു.
ഇന്ത്യ ദീര്‍ഘകാലമായി തേടുന്ന, ഐക്യരാഷ്ട്ര സഭ ലോകത്തെ കൊടും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളാണ് ഹാഫിസ് സഈദ്. ഏറ്റവും ഒടുവില്‍ നടന്ന പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നിലും ഹാഫിസ് സഈദാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.