ഈജിപ്ഷ്യന്‍ വിമാനം റാഞ്ചി
|നാല് വിദേശ യാത്രക്കാരെയും വിമാന ജീവനക്കാരെയും ഒഴികെ ബാക്കി യാത്രക്കാരെ റാഞ്ചികള്‍ വിട്ടയച്ചു
ഈജിപ്ത് എയറിന്റെ യാത്രാ വിമാനം റാഞ്ചി. അലക്സാന്‍ഡ്രിയയില്‍ നിന്നു കയ്റോയിലേക്ക് പോയ വിമാനമാണ് റാഞ്ചിയത്. സൈപ്രസിലെ ലര്‍നാക വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തില്‍ 55 ലധികം യാത്രക്കാരാണുള്ളത്.
യാത്രക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. 7 ജീവനക്കാരും നാല് വിദേശികളുമൊഴികെയുള്ളവരെ റാഞ്ചികള്‍ വിട്ടയച്ചതായി ഈജിപ്ത്എയര്‍ സ്ഥിരീകരിച്ചു. വിമാനം റാഞ്ചിയതിന് പിന്നില്‍ ഈജിപ്ഷ്യന്‍ പൌരനെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ക്ക് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. ഈജിപ്ത് എയറിന്റെ എയ്രബസ് എ 320 വിമാനമാണ് റാഞ്ചിയത്. യാത്രക്കാരില്‍ ഒരാള്‍ സ്ഫോടകവസ്തുക്കള്‍ കൈവശമുണ്ടെന്ന് പൈലറ്റിനെ അറിയിക്കുകയായിരുന്നു. വിമാനം ഇസ്താന്ബുള്ളിലേക്ക് വഴി തിരിച്ചുവിടണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും പൈലറ്റ് ഒമര്‍ അല്‍ ഗമ്മല്‍ ഈ ആവശ്യം നിരാകരിച്ചു. ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലര്‍നാക വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ഈജിപ്ഷ്യന്‍ പൌരനായ ഇബ്രാഹിം സമാഹായാണ് വിമാനം റാഞ്ചിയത് എന്നാണ് പ്രാഥമിക നിഗമനം. ഇയാളുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ അനുരജ്ഞന ചര്‍ച്ച ഫലം കണ്ടതോടെ ജീവനക്കാരും 4 വിദേശികളും ഒഴികെ മറ്റ് യാത്രക്കാരെ മോചിപ്പിക്കാനായതായി ഈജിപ്ത്എയര്‍ ട്വീറ്റ് ചെയ്തു. 55 യാത്രക്കാരും 7 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 8 പേര് ബ്രിട്ടീഷ് പൌരന്മാരും 10 പേര് അമേരിക്കന്‍ പൌരന്മാരുമാണ്. ബന്ധികളാക്കിയ 12 പേരെക്കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിമാനം റാഞ്ചിയതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.