ഇമെയില്‍ വിവാദത്തില്‍ ഹിലരിക്ക് ക്ലീന്‍ചിറ്റ്
|പുതുതായി പരിശോധിച്ച ഇമെയിലുകളില്‍ കുറ്റകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമെ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു.
ഇമെയില്‍ വിവാദത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് എഫ്ബിഐയുടെ ക്ലീന്‍ചിറ്റ്. പുതുതായി പരിശോധിച്ച ഇമെയിലുകളില്‍ കുറ്റകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമെ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു.
ഹിലരി ക്ലിന്റണ്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് സ്വകാര്യ സര്‍വറുകള്‍ ഉപയോഗിച്ച് അയച്ച മെയിലുകള്‍ പൂര്‍ണമായും പരിശോധിച്ചതായും ജൂലൈയില്‍ കണ്ടെത്തിയ അതേ നിഗമനത്തില്‍ തങ്ങള്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായും ജയിംസ് കോമെ കോണ്‍ഗ്രസിന് നല്‍കിയ കത്തില്‍ അറിയിച്ചു. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയുണ്ടായ എഫ്ബിഐ നിഗമനം ഹിലരിയുടെ ലീഡ് നില ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ മുഖ്യ എതിരാളിയായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചരണ ക്യാമ്പ് പൂര്‍ണമായും ഹിലരിക്ക് എതിരായ വജ്രായുധമായാണ് ഇമെയില്‍ വിവാദത്തെ ഉപയോഗിച്ചിരുന്നത്. അവസാന നിമിഷം ക്ലീന്‍ചിറ്റ് കിട്ടിയതോടെ ഹിലരിക്ക് ജനവിധിയെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയും.
ഹിലരിയെ സംരക്ഷിക്കാന്‍ ഭരണത്തിലെ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങളാണ് എഫ്ബിഐ റിപ്പോര്‍ട്ടിന് പിന്നിലെന്ന് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ആറര ലക്ഷം മെയിലുകള്‍ കേവലം എട്ട് ദിവസം കൊണ്ട് പരിശോധിക്കുന്നത് എങ്ങനെയെന്നും ട്രംപ് ചോദിച്ചു. ഹിലരി കുറ്റം ചെയ്തെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഡിലീറ്റ് ചെയ്ത 33,000 മെയിലുകള്‍ കൂടി കണ്ടെത്തേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.