പാക് പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവ്
|വിദേശ രാജ്യങ്ങളില്‍ അനധികൃത സ്വത്തുക്കളുണ്ടെന്ന പാനമ പേപ്പറുകളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവിട്ടത്
പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ അന്വേഷണത്തിന് പാക് സുപ്രിംകോടതിയുടെ ഉത്തരവ്. വിദേശ രാജ്യങ്ങളില്‍ അനധികൃത സ്വത്തുക്കളുണ്ടെന്ന പാനമ പേപ്പറുകളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവിട്ടത്. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ നടത്താന്‍ നിശ്ചയിച്ചിരുന്ന റാലി വിജയ ദിനമായി നടത്തുമെന്ന് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇംറാന്‍ ഖാന്‍ പറഞ്ഞു.
തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇംറാന്‍ ഖാന്‍ അടക്കം നിരവധി പേര്‍ സമര്‍പ്പിച്ച ഹരജി അംഗീകരിച്ചാണ് പ്രധാനമന്ത്രി നവാസ് ശരീഫിന്റെയും കുടുംബത്തിന്റെയും അനധികൃത സ്വത്ത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാക് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. അന്വേഷണ വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കാന്‍ സുപ്രിംകോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. കാബിനറ്റ് മന്ത്രിമാരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിലായിരുന്നു അഞ്ചംഗ ബെഞ്ച് ഹരജി പരിഗണിച്ചത്. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ നടത്താന്‍ നിശ്ചയിച്ചിരുന്ന റാലി വിജയ ദിനമായി നടത്തുമെന്ന് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇംറാന്‍ ഖാന്‍ പറഞ്ഞു.
നവാസ് ശരീഫിനും അദ്ദേഹത്തിന്റെ മക്കള്‍ക്കും വിദേശരാജ്യങ്ങളില്‍ അനധികൃത സ്വത്തുണ്ടെന്നാരോപിച്ചാണ് പാകിസ്താന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ ഇംറാന്‍ ഖാന്റെ നേതൃത്വത്തില്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി പ്രക്ഷോഭമാരംഭിച്ചത്. സര്‍ക്കാരിനെതിരെ റാലി സംഘടിപ്പിക്കാന്‍ ഇംറാന്‍ ഖാന് നേരത്തെ കോടതി അനുമതി നല്‍കിയിരുന്നു. പ്രതിഷേധം തടയാനുള്ള സര്‍ക്കാര്‍ ആവശ്യം തള്ളിയ കോടതി, പ്രതിഷേധിക്കാനുള്ള അവകാശം പാക് നിയമപ്രകാരം മൗലികാവകാശമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.