പാനമ പേപ്പര്‍ വിവാദം: മാള്‍ട്ടയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം
|പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധപ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
പാനമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് മാള്‍ട്ടയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം. പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധപ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപമായിരുന്നു പ്രതിഷേധം. എന്നാല്‍ പ്രതിഷേധത്തെ കുറിച്ച് ഒന്നും പ്രതികരിക്കാന്‍ പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് തയ്യാറായില്ല. വ്യക്തിത്വവും ധാര്‍മ്മികതയും നഷ്ടപ്പെട്ട മസ്കറ്റിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് സൈമണ്‍ ബുസുട്ടില്‍ പറഞ്ഞു
പ്രധാനമന്ത്രിക്ക് പുറമെ ആരോഗ്യ-ഊര്‍ജവകുപ്പ് മന്ത്രിയും പ്രധാനമന്ത്രിയുടെ സ്റ്റാഫുകളിലെ തലവനും രാജിവെയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ കടുത്ത ആരോപണങ്ങളാണ് ഊര്‍ജവകുപ്പ് മന്ത്രി കൊണാര്‍ഡ് മിസി നേരിടുന്നത്. എന്നാല്‍ പേഴ്സണല്‍ ഓഡിറ്റിങിന് തയ്യാറാണെന്ന് അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി എടുക്കുന്ന ഏത് തീരുമാനവും സ്വാഗതം ചെയ്യുമെന്നും മിസി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സീക്രട്ടീവ് കമ്പനികളിലൊന്നായ പാനമാനിയന്‍ ലോ ഫേമായ മൊസാക്ക് ഫോന്‍സെകയില്‍നിന്നും രേഖകള്‍ ചോര്‍ന്നതാണ് വിവാദങ്ങള്‍ക്കെല്ലാം കാരണം. ഒരു കോടിയലധികം രേഖകള്‍ ചോര്‍ന്നതായി ജര്‍മന്‍ മാധ്യമമാണ് വാര്‍ത്ത ആദ്യം ലോകത്തെ അറിയിച്ചത്.