ഇറാഖില് 100 ഐ.എസുകാരെ യു.എസ് വധിച്ചു
|ഐ.എസ് തീവ്രവാദികള്‍ പരിശീലനകേന്ദ്രമായി ഉപയോഗിച്ച യൂണിവേഴ്‌സിറ്റിയും സൈന്യം തകര്‍ത്തു
ഇറാഖില്‍ വ്യോമാക്രമണത്തില്‍ 100 ലേറെ ഐ.എസുകാരെ യുഎസ് സൈന്യം വധിച്ചു. ഐ.എസ് തീവ്രവാദികള്‍ പരിശീലനകേന്ദ്രമായി ഉപയോഗിച്ച യൂണിവേഴ്‌സിറ്റിയും സൈന്യം തകര്‍ത്തു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
റമാദി നഗരം ഐ.എസില്‍ നിന്ന് തിരിച്ചുപിടിച്ചതിനു ശേഷം ഇറാഖ് സേന മൗസിലിലും ആക്രമണം ശക്തമാക്കി. രണ്ടു ദിവസത്തിനിടെ യു.എസ് സേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 100 ലേറെ ഐ.എസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇറാഖ് സൈന്യമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഐ.എസുകാര്‍ യൂനിവേഴ്‌സിറ്റി കെട്ടിടമാണ് തീവ്രവാദ പരീശീലന കേന്ദ്രമായി ഉപയോഗിച്ചതെന്നും സൈന്യം പറഞ്ഞു. യൂനിവേഴ്‌സിറ്റിക്കെതിരേയും വ്യോമാക്രമണമുണ്ടായി.യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നില്ലെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.എസിന്റെ 17 മുതിര്‍ന്ന നേതാക്കളും നിരവധി പ്രാദേശിക നേതാക്കളുമാണ് കൊല്ലപ്പെട്ടത്.നേരത്തെ ഇറാഖ് സേന റമാദി നഗരം ഐ.എസില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. റമാദിയിലെ സര്‍ക്കാര്‍ ആസ്ഥാനകേന്ദ്രമാണ് മോചിപ്പിച്ചത്. എന്നാല്‍ റമാദിയുടെ മറ്റു പ്രദേശങ്ങളില്‍ ഐ.എസ് സാന്നിധ്യമുണ്ട്. ഇതിനിടെയാണ് മൗസിലും തിരിച്ചുപിടിക്കാനുള്ള ശ്രമം. യു.എസ് സേനയുടെ വ്യോമാക്രമണത്തിനു പിന്നാലെ ഇറാഖ് സേന കരയുദ്ധത്തിലൂടെയാണ് ആക്രമണം നടത്തുന്നത്.