ജര്‍മനിയില്‍ സ്ഫോടനം നടത്തിയത് അഭയം നിഷേധിക്കപ്പെട്ട സിറിയന്‍ പൌരന്‍
|ബാഗിലൊളിപ്പിച്ച ബോംബുമായി സംഭവസ്ഥലത്തെത്തിയ 27കാരനായ സിറിയന്‍ പൌരന്‍ പൊട്ടിത്തെറിക്കുകയായിരുന്നു
ജര്‍മനിയിലെ അന്‍സ്ബാക് നഗരത്തില്‍ സ്ഫോടനം നടത്തിയത് അഭയം നിഷേധിക്കപ്പെട്ട സിറിയന്‍ പൌരന്‍. ഒരു വര്‍ഷം മുമ്പ് ഇയാള്‍ അഭയാര്‍ഥിത്വത്തിനായി അപേക്ഷ നല്‍കിയിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ആക്രമണത്തിന് ഭീകരവാദ ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല.
അന്‍സ്ബാക്ക് ഓപ്പണ്‍ മ്യൂസിക് ഫെസ്റ്റിവല്‍ എന്ന പരിപാടി നടക്കുന്നതിന് തൊട്ടടുത്താണ് സ്ഫോടനമുണ്ടായത്. ബാഗിലൊളിപ്പിച്ച ബോംബുമായി സംഭവസ്ഥലത്തെത്തിയ 27കാരനായ സിറിയന്‍ പൌരന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനം നടത്തിയ ആള്‍ ബള്‍ഗേറിയയിലേക്ക് നാടുകടത്തല്‍ ഭീഷണി നേരിടുകയായിരുന്നെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. രണ്ട് വര്‍ഷം മുമ്പ് ജര്‍മനിയിലെത്തിയ ഇയാള്‍ രണ്ട് തവണ ആത്മഹത്യശ്രമം നടത്തിയിട്ടുണ്ട്.
ഇയാള്‍ താമസിച്ചിരുന്ന അഭയാര്‍ഥികേന്ദ്രത്തില്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ചാവേറിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ബവേറിയന്‍ ആഭ്യന്തരമന്ത്രി ജോക്കിം ഹെര്‍മാന്‍ അറിയിച്ചു.
സ്ഫോടനത്തില്‍ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 12 പേര്‍ക്ക് പരിക്കുകളുണ്ട്. ജര്‍മനിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. വെള്ളിയാഴ്ച മ്യൂണിക്കില്‍ 18 കാരന്‍ നടത്തിയ വെടിവെപ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ച മുമ്പ് വുര്‍സ്ബര്‍ഗിലെ ട്രെയിനിലും ആക്രമണമുണ്ടായി.