ബ്രക്സിറ്റ് പദ്ധതി ധവളപത്രമായി പുറത്തിറക്കുമെന്ന് തെരേസ മേ
|യുറോപ്യന്‍ യൂണിയനുമായുള്ള വിടുതല്‍ ചര്‍ച്ചക്കുള്ള പദ്ധതി ധവളപത്രമായി ഇറക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ
ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതി ധവളപത്രമായി പുറത്തിറക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. പാര്‍ലമെന്‍റിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ബ്രക്സിറ്റ് ചര്‍ച്ച ആരംഭിക്കുന്നതിന് പാര്‍ലമെന്‍റിന്‍റെ അനുമതി നിര്‍ബന്ധമാണെന്ന സുപ്രീം കോടതി വിധിക്ക് ശേഷമാണ് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് യുറോപ്യന്‍ യൂണിയനുമായുള്ള വിടുതല്‍ ചര്‍ച്ചക്കുള്ള പദ്ധതി ധവളപത്രമായി ഇറക്കാമെന്ന് തെരേസ മേ സമ്മതിച്ചത്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി എംപിമാരോടൊപ്പം ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് എംപിമാരും ധവളപത്രം ഇറക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുകൂലമായാണ് തെരേസ മേ പ്രതികരിച്ചത്.
ലിസ്ബണ്‍ കരാറിലെ അമ്പതാം അനുഛേദം അനുസരിച്ചാണ് വിടുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കേണ്ടത്. ഇതിന് അനുമതി തേടിക്കൊണ്ടുള്ള ബില്‍ പാര്‍ലമെന്‍റില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ബില്ലിലുള്ള വോട്ടെടുപ്പിന് മുമ്പ് ധവളപത്രം ഇറക്കണമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ നിലപാട്. മാര്‍ച്ച് അവസാനത്തോടെ യൂറോപ്യന്‍ യൂണിയനുമായി വിടുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പ്രധാനമന്ത്രിയുടെ സവിശേഷ അധികാരം ഉപയോഗിച്ച് വിടുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കാനാകില്ലെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് നേരത്തേ പ്രഖ്യാപിച്ച സമയക്രമം പാര്‍ലമെന്‍റിന്‍റെ സമ്മതത്തോടെ നടപ്പാക്കാനാണ് ഇപ്പോള്‍ തെരേസം മേ സര്‍ക്കാര്‍ ശ്രമിക്കുന്നത്.