ഉത്തരകൊറിയന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ കൂറുമാറി ദക്ഷിണകൊറിയയില്‍
|ഉത്തരകൊറിയയുടെ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ രാജ്യംവിട്ട് ദക്ഷിണ കൊറിയയിലേക്ക് കൂറുമാറി.
ഉത്തരകൊറിയയുടെ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ രാജ്യംവിട്ട് ദക്ഷിണ കൊറിയയിലേക്ക് കൂറുമാറി. ഇക്കാര്യം ഇരു കൊറിയകളും സ്ഥിരീകരിച്ചു. ഉത്തരകൊറിയന്‍ റെസ്റ്റോറന്റുകളിലെ 13 ജീവനക്കാര്‍ കഴിഞ്ഞയാഴ്ച കൂട്ടത്തോടെ കൂറുമാറിയിരുന്നു.
ഉത്തരകൊറിയയുടെ റെക്കനൈസന്‍സ് ജനറല്‍ ബ്യൂറോയിലെ സീനിയര്‍ കേണലാണ് കഴിഞ്ഞ വര്‍ഷം രാജ്യംവിട്ടത്. അടുത്ത കാലത്ത് ഉത്തരകൊറിയയില്‍നിന്ന് കൂറുമാറി വിദേശത്ത് അഭയം തേടിയ ഉന്നതരില്‍ ഒരാളാണ് ഇദ്ദേഹം. കിം ജോങ് ഉന്നിന്റെ ഭരണകൂടത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന അഭിപ്രായ ഭിന്നതകളാണ് സംഭവം സൂചിപ്പിക്കുന്നത്. കൂറുമാറിയ ഇന്റലിന്‍ജന്‍സ് ഉദ്യോഗസ്ഥന്‍ ഭരണകൂടവുമായി ഏറ്റവും കൂടുതല്‍ അടുപ്പമുള്ള വ്യക്തിയാണ്.അദ്ദേഹത്തില്‍നിന്ന് കിം ഭരണകൂടത്തിന്റെ പല രഹസ്യങ്ങളും ലഭിക്കുമെന്നാണ് ദക്ഷിണകൊറിയ കരുതുന്നത്. കേണലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ദക്ഷിണകൊറിയന്‍ ആഭ്യന്തര മന്ത്രി മൂണ്‍ സാങ് ഗ്യൂന്‍ വിസമ്മതിച്ചു. കൊറിയന്‍ യുദ്ധം അവസാനിച്ചതിനു ശേഷം 28,000 പേര്‍ രാജ്യംവിട്ടിട്ടുണ്ടെന്നാണ് കണക്ക്.
വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഉത്തരകൊറിയന്‍ റെസ്റ്റോറന്റുകളിലെ 13 ജീവനക്കാര്‍ കഴിഞ്ഞയാഴ്ച കൂട്ടത്തോടെ കൂറുമാറിയിരുന്നു. ചൈനയിലൂടെയാണ് പലരും രാജ്യത്തിനു പുറത്തേക്ക് കടക്കുന്നത്. കൂറുമാറുന്നവരില്‍ ആരെങ്കിലും ചൈനയില്‍ പിടിയിലായാല്‍ തിരിച്ചയക്കണമെന്ന് ഉത്തരകൊറിയയുമായി കരാറുണ്ട്. ഇങ്ങനെ തിരിച്ചയക്കപ്പെടുന്നവര്‍ക്ക് കഠിനമായ ശിക്ഷയാണ് നല്‍കാറുള്ളത്.