അലപ്പോയില്‍ ആശുപത്രിക്ക് നേരെ ബാരല്‍ ബോംബ് ആക്രമണം
|വിമത മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയായ എം10ന് നേരെയാണ് ആക്രമണമുണ്ടായത്
സിറിയയിലെ അലപ്പോയില്‍ ആശുപത്രിക്ക് നേരെ ബാരല്‍ ബോംബ് ആക്രമണം. വിമത മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയായ എം10ന് നേരെയാണ് ആക്രമണമുണ്ടായത്. പത്ത് പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയുടെ ഭൂരിഭാഗവും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
വിമതരുടെ അധീനതയിലുള്ള കിഴക്കൻ ആലപ്പോയിലെ എം 10 ആശുപത്രിയിലാണ്യുദ്ധവിമാനങ്ങൾ ബാരൽ ബോംബുകൾ വര്‍ഷിച്ചത്. ഇതിന് പുറമെ ക്ലസ്റ്റർബോംബുകളും ക്ലോറിന്‍ ബോംബുകളും പതിച്ചെന്ന് സിറിയൻ അമേരിക്കൻ മെഡിക്കൽ സൊസൈറ്റി പറഞ്ഞു. ആശുപത്രിയുടെ ഭൂരിഭാഗവും ആക്രമണത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. അത്യാഹിത വിഭാഗമടക്കമുള്ളവ പ്രവര്‍ത്തന രഹിതമായി. രോഗികളില്‍ ചിലര്‍ക്ക് പരിക്ക് പറ്റിയെങ്കിലും ആരുടെയും നില ഗുരുതരമല്ല. രോഗികളെ ഇവിടെ നിന്നു മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇതേ ആശുപത്രിക്ക് നേരെ വ്യോമക്രമണമുണ്ടായിരുന്നു. യആക്രമണത്തെ യുദ്ധക്കുറ്റമെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചത്. അലപ്പോയുടെ കിഴക്കന്‍ മേഖലയില്‍ ഏതാനും ആശുപത്രികള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.
ആശുപത്രിക്കു നേരേ നടന്ന ആക്രമണം യുദ്ധക്കുറ്റമാണെന്നും ഇതിനുത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ഫ്രഞ്ച് സര്‍ക്കാരും അറിയിച്ചിരുന്നു. അലപ്പോയിലെ ചരിത്ര പ്രാധാന്യമുള്ള പുരാതന നഗരത്തില്‍ റഷ്യയുടെ പിന്തുണയോടെ സര്‍ക്കാര്‍ സൈന്യം ആക്രമണം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിവിധ മേഖലകളില്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതിനിടെ സിറിയയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ അയക്കാൻ റഷ്യ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.