വിദേശികളെ പ്രണയിക്കുന്ന യുവതികള്‍ ജാഗ്രത പാലിക്കണമെന്ന് ചൈനയുടെ മുന്നറിയിപ്പ്
|കമ്യൂണിസ്റ്റ് രാജ്യമായ ചൈന കഴിഞ്ഞദിവസം ഒരു വിചിത്ര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
കമ്യൂണിസ്റ്റ് രാജ്യമായ ചൈന കഴിഞ്ഞദിവസം ഒരു വിചിത്ര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ചൈനീസ് യുവതികള്‍ വിദേശി യുവാക്കളെ പ്രണയിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രണയം നടിച്ച് രാജ്യത്തിന്റെ സുപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വിദേശികള്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് മുന്നറിയിപ്പിന്റെ രത്നച്ചുരുക്കം. ഡെയിഞ്ചറസ് ലവ് എന്ന് പേരിട്ടിരിക്കുന്ന പോസ്റ്ററിലാണ് ഈ മുന്നറിയിപ്പ്. ഇത് ശരിവെക്കും വിധം ഒരു കഥയും പോസ്റ്ററില്‍ വിവരിക്കുന്നുണ്ട്. സിയാവോ ലി എന്നൊരു യുവ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ കഥയാണിത്. ഒരു അത്താഴ വിരുന്നിനിടെ കണ്ടുമുട്ടിയ വിദേശി സുന്ദരനുമായി സിയാവോ പ്രണയത്തിലായി. ഡേവിഡ് എന്നായിരുന്നു അയാള്‍ സ്വയം പരിചയപ്പെടുത്തിയത്. ഗവേഷണത്തിനായാണ് ഇയാള്‍ ചൈനയിലെത്തിയതെന്ന് സിയാവോയെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍ ഇയാള്‍ യഥാര്‍ഥത്തില്‍ വിദേശ ചാരനായിരുന്നു. സിയാവോയെ സമ്മാനങ്ങള്‍ നല്‍കിയും പ്രണയം നടിച്ചും വശത്താക്കിയ ഇയാള്‍, സര്‍ക്കാരിന്റെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫയല്‍ ചോര്‍ത്തിയെടുത്തു. ഒടുവില്‍ ഇരുവരും അറസ്റ്റിലായി. ഈ വിവരണം അടങ്ങിയ പോസ്റ്ററുകള്‍ ചൈനയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ അറിയിപ്പ് ബോര്‍ഡില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന മുന്നറിയിപ്പില്‍ വിദേശികളെ വിശ്വസിക്കുന്നതും പ്രണയിക്കുന്നതും വളരെ ആലോചിച്ച് വേണമെന്നും ജാഗ്രത പാലിക്കണമെന്നും അടിവരയിട്ട് ഓര്‍മ്മപ്പെടുത്തുന്നു.