ഹിലരിക്ക് തിരിച്ചടിയായി എഫ്ബിഐ ഇടപെടല്‍; വോട്ടര്‍മാരില്‍ അതൃപ്തി പുകയുന്നു
|അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും മൂന്നിലൊന്ന് വോട്ടര്‍മാരും ഹിലരിക്ക് എതിരെ തിരിഞ്ഞതായാണ് വിലയിരുത്തല്‍. നിര്‍ണായക സ്റ്റേറ്റുകളിലൊന്നായ ഫ്ലോറിഡയില്‍ ഡൊണാള്‍ഡ് ട്രംപിനാണ് ഇപ്പോള്‍ ലീഡ്.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയുണ്ടായ എഫ് ബി ഐ അന്വേഷണം ഹിലരി ക്ലിന്‍റണ് തിരിച്ചടിയായി. അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും മൂന്നിലൊന്ന് വോട്ടര്‍മാരും ഹിലരിക്ക് എതിരെ തിരിഞ്ഞതായാണ് വിലയിരുത്തല്‍. നിര്‍ണായക സ്റ്റേറ്റുകളിലൊന്നായ ഫ്ലോറിഡയില്‍ ഡൊണാള്‍ഡ് ട്രംപിനാണ് ഇപ്പോള്‍ ലീഡ്.
ഹിലരി ക്ലിന്‍റണെതിരെ എഫ് ബി ഐ പ്രഖ്യാപിച്ച പുതിയ അന്വേഷണം വോട്ടര്‍മാര്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മൂന്നിലൊന്ന് വോട്ടര്‍മാരും ഹിലരിക്ക് എതിരായെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പത്തില്‍ ആറ് പേരും ഇപ്പോഴും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിക്കൊപ്പം തുടരുന്നതായാണ് എ ബി സി യുടെ സര്‍വേയിലെ കണ്ടെത്തല്‍ . അശ്ലീല പരാമര്‍ശം വിവാദത്തെ തുടര്‍ന്ന് മത്സരരംഗത്ത് നിന്ന് അകന്ന് പോയ ട്രംപ് ശക്തമായ തിരിച്ചു വരവ് നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഫലപ്രഖ്യാപനത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഫ്ലോറിഡയില്‍ ഹിലരിക്കെതിരെ ട്രംപിന് നാല് ശതമാനം ലീഡുണ്ട് . ഹിലരി ക്ലിന്റണിന്റെ വോട്ട് 42 ശതമാനമായി താഴ്ന്നപ്പോള്‍ ട്രംപിന് 46 ശതമാനം വോട്ട് കിട്ടി. ന്യൂഹാംപ് ഷെയര്‍, നോര്‍ത്ത് കരോലൈന, ഉള്‍പ്പെടെയുള്ള മറ്റു സ്വിങ് സ്റ്റേറ്റുകളിലും ഹിലരിക്ക് ഭൂരിപക്ഷം കുറഞ്ഞെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ട്രംപിനെതിരെ ഹിലരിക്കുണ്ടായിരുന്ന ലീഡ് പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ല. ഇപ്പോള്‍ നടക്കുന്ന വോട്ടെടുപ്പുകളിലും എഫ് ബി ഐ അന്വേഷണം കാര്യമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 21 മില്യണ്‍ ആളുകള്‍ വോട്ട് ചെയ്തുകഴിഞ്ഞു. അന്വേഷണത്തില്‍ കുറ്റകരമായ ഒന്നും കണ്ടെത്താന്‍ എഫ്ബിഐക്ക് കഴിയില്ലെന്ന് ഹിലരി ആവര്‍ത്തിച്ചു. താന്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണെന്നും ജൂലൈയില്‍ എത്തിയ അതേ നിഗമനത്തിലേക്ക് എഫ് ബി ഐ എത്തിച്ചേരുമെന്നും ഹിലരി പറഞ്ഞു.