കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ സമാധാനം അസാധ്യം: യുഎന്നില്‍ ഇന്ത്യക്കെതിരെ നവാസ് ശെരീഫ്
|കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ മേഖലയിലെ സമാധാനം പുനസ്ഥാപിക്കാനാവില്ലെന്നും ഇന്ത്യ ചര്‍ച്ചകള്‍ വഴിമുടക്കുകയാണെന്നും നവാസ് ശെരീഫ്
കശ്മീരികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചും ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ പുകഴ്ത്തിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ യുഎന്‍ പ്രസംഗം. ചര്‍ച്ചകള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത് ഇന്ത്യയാണ്. കശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിന്‍റെ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ ഐക്യ രാഷ്ട്രസഭ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കണമെന്നും നവാസ് ശരീഫ് ആവശ്യപ്പെട്ടു.
കശ്മീരിന് വേണ്ടി ശക്തമായി വാദിക്കുന്നതായിരുന്നു യുഎന്നില്‍ പാക് പ്രധാനമന്ത്രിയുടെ പ്രസംഗം.സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങളെ ഇന്ത്യന്‍ സൈന്യം ക്രൂരമായി നേരിടുകയാണ് . ഇതിന് തെളിവ് ഹാജരാക്കാന്‍ തയ്യാറാക്കണമെന്നും നവാസ് ശരീഫ് പറഞ്ഞു.മേഖലയിലെ സമാധാനത്തിന് തടസ്സം നില്‍ക്കുന്നത് ഇന്ത്യയാണെന്നും അദ്ദേഹം ആരോപിച്ചു.
പാകിസ്താന്‍ എന്നും തീവ്രവാദത്തിന് എതിരാണ്. തീവ്രവാദി ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യമാണ് പാകിസ്താനെന്നും നവാസ് ശരീഫ് കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്രസഭയുടെഎഴുപത്തി ഒന്നാമത് പൊതുസഭ സമ്മേളനതത്തിനെത്തിയ പാക് പ്രധനമന്ത്രി ഇതേ ആവശ്യമുന്നയിച്ച് നേരത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയെയും കണ്ടിരുന്നു.
അസര്‍ബൈജാനും തുര്‍ക്കിയും ഇക്കാര്യത്തില്‍ പാകിസ്താന് പിന്തുണ അറിയിച്ചിട്ടുണ്ട്.