ആസിയാന്‍ ഉച്ചകോടി സമാപിച്ചു
|ആസിയാന്‍ സമൂഹത്തിന് പുറത്തുള്ള ഇന്ത്യ, ആസ്‌ട്രേലിയ. ചൈന, അമേരിക്ക, ജപ്പാന്‍, ന്യൂസിലാന്റ്, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സമ്മേളനത്തിന്റെ ഭാഗമായി
ആസിയാന്‍ ഉച്ചകോടി സമാപിച്ചു. ദക്ഷിണ ചൈന കടല്‍ വിഷയത്തില്‍ മേഖലയിലെ സംഘര്‍ഷത്തിന് അയവ് വരുത്തുവാനും തീവ്രവാദം, അഭയാര്‍ത്ഥി പ്രശ്‌നം തുടങ്ങിയ വിഷയങ്ങളില്‍ കൂട്ടായ പരിശ്രമം നടത്താനും 28ആമത് ഉച്ചകോടി നിര്‍ണായക തീരുമാനങ്ങളെടുത്തു.
നിര്‍ണായക വ്യാപാര ഇടനാഴിയായ ദക്ഷിണ ചൈന കടലിനെ ചൊല്ലി ചൈനയും ആസിയാന്‍ രാജ്യമായ ഫിലീപ്പീന്‍സും തമ്മിലുള്ള അവകാശ തര്‍ക്കം മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു, ആസിയാന്‍ അംഗരാജ്യങ്ങളായ വിയറ്റ്‌നാം, മലേഷ്യ, ബ്രുണേ എന്നി രാജ്യങ്ങളും ചൈന കടലിടുക്കിന് അവകാശവാദമുന്നയിച്ചിരുന്നു. ഉത്തര കൊറിയ നടത്തുന്ന ആണവ പരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈല്‍ വിന്യാസത്തിനുമെതിരെ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ജപ്പാന്‍ ദക്ഷിണ കൊറിയ രാജ്യങ്ങള്‍ ആസിയാന്റെ പിന്തുണ തേടിയിരുന്നു.
ഐസിസ് ഉയര്‍ത്തുന്ന വെല്ലുവിളികളും ഉച്ചകോടി ചര്‍ച്ച ചെയ്തു. ആസിയാന്‍ സമൂഹത്തിന് പുറത്തുള്ള ഇന്ത്യ, ആസ്‌ട്രേലിയ. ചൈന, അമേരിക്ക, ജപ്പാന്‍, ന്യൂസിലാന്റ്, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സമ്മേളനത്തിന്റെ ഭാഗമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. 2017 ല്‍ ആസിയാന്‍ രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ നടക്കുന്ന സമ്മേളനത്തിന് ഫിലിപ്പീന്‍സ് വേദിയാകും.