ഉത്തരകൊറിയയെ ചൊല്ലി ചൈനക്ക് ട്രംപിന്റെ മുന്നറിയിപ്പുമായി
|ഉത്തര കൊറിയയെ നിലക്ക് നിര്‍ത്താന്‍ ചൈനക്കായില്ലെങ്കില്‍ അമേരിക്ക നേരിട്ടിറങ്ങുമെന്ന് ട്രംപ് വ്യക്തമാക്കി
ഉത്തരകൊറിയന്‍ വിഷയത്തില്‍ ചൈനക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഉത്തര കൊറിയയെ നിലക്ക് നിര്‍ത്താന്‍ ചൈനക്കായില്ലെങ്കില്‍ അമേരിക്ക നേരിട്ടിറങ്ങുമെന്ന് ട്രംപ് വ്യക്തമാക്കി. ഫിനാന്‍ഷ്യല്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ആണവായുധ പരീക്ഷണങ്ങള്‍ നടത്തി അമേരിക്കക്കും ദക്ഷിണ കൊറിയക്കും നിരന്തരം ഭീഷണി മുഴക്കുന്ന ഉത്തരകൊറിയയെ നിലക്ക് നിര്‍ത്താന്‍ ചൈനക്കായില്ലെങ്കില്‍ അമേരിക്ക ഒറ്റക്ക് പോരാടുമെന്ന് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. ഉത്തരകൊറിയയുമായി ചൈനക്ക് അടുത്ത ബന്ധമുള്ളത് കൊണ്ട് തന്നെ ഏറെ സ്വാധീനം ചെലുത്താന്‍ സാധിക്കും.
കൊറിയയെ സഹായിക്കുന്ന നിലപാട് തുടരണമോ എന്ന് ചൈന പുനഃപരിശോധിക്കണം. അതാണ് ചൈനക്കും മറ്റുള്ളവര്‍ക്കും നല്ലതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ചൈന സഹായിച്ചാലും ഇല്ലെങ്കിലും ഉത്തരകൊറിയയെ നിലയ്ക്കുനിര്‍ത്താന്‍ അമേരിക്കയ്ക്ക് കഴിയും.
ഈ ആഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ചിന് പിങ് അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ ട്രംപ് നടത്തിയ പ്രതികരണം ഏറെ നിര്‍ണായകമാണ്.