സിറിയന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി യുഎന്‍
|മനുഷ്യവകാശ പ്രവര്‍ത്തനങ്ങളോട് സ്ഥിരമായി സഹകരിക്കാത്ത ലോകത്തെ അഞ്ച് രാജ്യങ്ങളിലൊന്നാണ് സിറിയയെന്ന് സെയ്ദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു
സിറിയന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍ രംഗത്തെത്തി. മനുഷ്യവകാശ പ്രവര്‍ത്തനങ്ങളോട് സ്ഥിരമായി സഹകരിക്കാത്ത ലോകത്തെ അഞ്ച് രാജ്യങ്ങളിലൊന്നാണ് സിറിയയെന്ന് സെയ്ദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു. ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങളില്‍ കമ്മീഷന്‍ ഉടന്‍ ഇടപെടുമെന്നും അല്‍ ഹുസൈന്‍ അറിയിച്ചു.
യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്റെ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിലാണ് സെയ്ദ് റഅദ് അല്‍ ഹുസൈന്‍ സിറിയന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഡോക്ടറായ ബശ്ശാറുല്‍ അസദ് ഭരിക്കുന്ന രാജ്യത്ത് ആശുപത്രികളും ബോംബിട്ടു നശിപ്പിക്കുകയാണ് ചെയ്യുന്നത്. സിറിയന്‍ സൈന്യത്തിനെതിരെ ഒരുപാട് പരാതികള്‍ തനിക്ക് ലഭിക്കാറുണ്ടെന്നും യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷണര്‍ പറഞ്ഞു.
ബലാറസ്, എറിത്രിയ, ഉത്തരകൊറിയ, ഇറാന്‍, എന്നീ രാജ്യങ്ങളാണ് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്ത മറ്റു രാജ്യങ്ങള്‍. ഏറ്റവും കൂടുതല്‍ കാലം യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷനോട് സഹകരിക്കാന്‍ വിസമ്മതിച്ചത് ഇസ്രയേലാണെന്നും സെയ്ദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു. ബഹ്റൈനിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിരീക്ഷിക്കേണ്ടതുണ്ടെന്നും അല്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ - പാകിസ്താന്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും ഇവിടെ കമ്മീഷന്‍ ഉടന്‍ ഇടപെടുമെന്നും അല്‍ഹുസൈന്‍ പറഞ്ഞു.