യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ചാരസംഘടന ഇടപെടുന്നതായി ആരോപണം
|ഡമോക്രാറ്റിക് നാഷനൽ കമ്മിറ്റിയുടെ മെയിലുകള്‍ ചോര്‍ത്തിയത് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ സഹായിക്കാനാണെന്ന വാദങ്ങള്‍ ശക്തമാവുകയാണ്
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ചാരസംഘടന ഇടപെടുന്നതായി ഡമോക്രാറ്റ് പാര്‍ട്ടിയുടെ ആരോപണം. ഹിലറി ക്ലിന്റൻ പ്രചാരണ സംഘത്തിന്റെ ഇ-മെയിലുകള്‍ വിക്കിലീക്സ് ചോർത്തിയതിനു പിന്നാലെയാണ് ഡെമോക്രാറ്റിക് ക്യാമ്പ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ എഫ്ബിഐ അന്വേഷണം നടത്തുമെന്ന് പ്രചരണ സംഘത്തിന്റെ തലവന്‍ ഡോണ്‍ പൊഡെസ്റ്റ പറഞ്ഞു.
ഡമോക്രാറ്റിക് നാഷനൽ കമ്മിറ്റിയുടെ മെയിലുകള്‍ ചോര്‍ത്തിയത് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ സഹായിക്കാനാണെന്ന വാദങ്ങള്‍ ശക്തമാവുകയാണ്. വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജുമായി ട്രംപിന്റെ സുഹൃത്ത് റോജർ സ്റ്റോൺ ഈയിടെ സംസാരിച്ചിരുന്നെന്ന റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണു ഹിലരി ക്ലിന്റൻ പ്രചാരണസംഘം മേധാവി ജോൺ പൊഡെസ്റ്റയുടെ ആരോപണങ്ങൾ. അസാൻജും റഷ്യയും ഒത്തുകളിക്കുകയാണെന്ന് ഡമോക്രാറ്റ് സംഘം ആരോപിക്കുന്നു.
എന്നാല്‍ റോജര്‍ സ്റ്റോണുമായി യാതൊരു ബന്ധവും ഇല്ലെന്ന നിലപാടിലാണ് വിക്കിലീക്സ്. അശ്ലീല പരാമര്‍ശ വിവാദത്തില്‍ പെട്ടുഴലുന്ന ട്രംപിനെ രക്ഷിക്കാനാണ് ഈ സമയത്ത് തന്നെ മെയിലുകള്‍ പുറത്തുവിട്ടതെന്ന് ഡെമോക്രാറ്റിക് ക്യാമ്പ് തിരിച്ചടിച്ചു. ചോർത്തിയ മെയിലുകളിൽ ദുരുദ്ദേശ്യപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും പരാതിയുണ്ട്. ഡമോക്രാറ്റിക് നാഷനൽ കമ്മിറ്റിയുടെ സെർവർ ഹാക്ക് ചെയ്ത വിക്കിലീക്സ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇ-മെയിലുകൾ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രഹസ്യങ്ങള്‍, ഡെമോക്രാറ്റിക് ക്യാമ്പിലെ അധികാരതര്‍ക്കങ്ങള്‍, മാധ്യമരംഗത്തെ പ്രമുഖരുമായുള്ള ബന്ധം തുടങ്ങി നിരവധി വിവരങ്ങളാണ് ചോര്‍ന്ന ഇ മെയിലുകളിലുള്ളത്. ഡെമോക്രാറ്റിക് കാമ്പയിന്‍ ആശയവിനിമയത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്നത് ഇ മെയിലുകളായിരുന്നു.