യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് തെരേസ മേ
|എലിസബത്ത് രാജ്ഞിയുടെ അടുത്ത പ്രസംഗത്തില്‍ ഇത് അവതരിപ്പിക്കും
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. എലിസബത്ത് രാജ്ഞിയുടെ അടുത്ത പ്രസംഗത്തില്‍ ഇത് അവതരിപ്പിക്കും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ യൂറോപ്യന്‍ യൂണിയന് ബ്രിട്ടന് മേലുളള അധികാരം നഷ്ടമാകും.
കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രഖ്യാപനം. നിലവില്‍ ബ്രിട്ടീഷ് നിയമത്തിന്‍റെ ഭാഗമായ യൂറോപ്യന്‍ കമ്മ്യൂണിറ്റീസ് ആക്ട് റദ്ദാക്കുന്നതായിരിക്കും പ്രാഥമിക നടപടി. അതോടെ , രാജ്യത്തിന് മേല്‍ യൂറോപ്യന്‍ യൂണിയനുള്ള അധികാരം നഷ്ടമാകും.
ബ്രിട്ടന് അതിന്‍റെ പരമാധികാരവും സ്വാതന്ത്ര്യവും തിരിച്ച് കിട്ടുമന്നും പൂര്‍വാധികം ശക്തിയോടെ കുതിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും തേരേസ മേ പറഞ്ഞു. സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മേയുടെ പ്രതികരണം. എന്നാല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള എല്ലാ ബന്ധങ്ങളും മുറിച്ചുമാറ്റില്ലെന്നും മറ്റു യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ സംരക്ഷിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂണില്‍ നടന്ന ഹിതപരിശോധയിലാണ് യൂറോപ്യന്‍ യൂണിയന്‍ വിട്ട് പുറത്ത് വരാന്‍ ബ്രിട്ടീഷ് ജനത തീരുമാനിച്ചത്. എന്നാല്‍ അതിന്‍റെ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. ബ്രെക്സിറ്റ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണറും ആവശ്യപ്പെട്ടിരുന്നു. രണ്ട് വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലേ ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പൂര്‍ണമായും പുറത്ത് പോകാനാവൂ.