റമദാന്‍ മാസത്തിലെ ആക്രമണം; സിറിയയില്‍ കൊല്ലപ്പെട്ടത് 224 പേര്‍
|റമദാന്‍ മാസത്തിലെ ആദ്യ വാരം സിറിയയില്‍ വ്യത്യസ്താക്രമണങ്ങളില് 224 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
റമദാന്‍ മാസത്തിലെ ആദ്യ വാരം സിറിയയില്‍ വ്യത്യസ്താക്രമണങ്ങളില് 224 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജൂണ്‍ 6 മുതല്‍ 12 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. വ്യത്യസ്ത ബോംബാക്രമണങ്ങളില്‍ 148 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 50 കുട്ടികളും 15 സ്ത്രീകളും ഉള്‍പ്പെടുന്നു. ഐഎസ് നടത്തിയ ഷെല്ലാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഒരാളെ തീവ്രവാദികള്‍ പിടികൂടി വധിക്കുകയും ചെയ്തു. റഷ്യന്‍ വ്യോമാക്രണവും സിറിയന്‍ സൈനികാക്രമണവുമാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെടാന്‍ കാരണമെന്നും ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘം വ്യക്തമാക്കി.
ഇദ്‍ലിബ് നഗരത്തില്‍ ഞായറാഴ്ചയുണ്ടായ വ്യോമാക്രമണത്തില്‍ 40 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്‌ലിബിലെ ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്നാണ് വിവിധ മനുഷ്യാവകാശ സംഘങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഈ വാദം നിഷേധിച്ച് റഷ്യ രംഗത്തെത്തി. നുസ്‍റ ഫ്രണ്ട് ഉള്‍പ്പെടെയുള്ള വിമത സംഘങ്ങളുടെ നിയന്ത്രണത്തിലാണ് ഇദ്‍ലിബ് നഗരം. ഐഎസ് ആക്രമണം ഭയന്ന് വടക്കന്‍ സിറിയയിലെ മന്‍ബിജ് മേഖലയില്‍നിന്ന് നൂറുകണക്കിന് ആളുകളാണ് പലായനം ചെയ്തത്. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 3 ലക്ഷത്തോളം ആളുകളാണ് ഇതുവരെ സിറിയയില്‍ കൊല്ലപ്പെട്ടത്. മൊത്തം ജനസംഖ്യയുടെ പകുതിയോളം പേര്‍ യുദ്ധത്തെ തുടര്‍ന്ന് നാടുവിടുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.