അമേരിക്കക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയയുടെ വീഡിയോ
|ഉത്തര കൊറിയയില്‍ നിന്ന് അമേരിക്കയിലേക്ക് മിസൈല്‍ അയക്കുന്നതിന്റെ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്
അമേരിക്കക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയയുടെ വീഡിയോ. ദക്ഷിണ കൊറിയക്കൊപ്പം ചേര്‍ന്ന് ഉത്തര കൊറിയക്കെതിരെ ആക്രമണത്തിനൊരുങ്ങിയാല്‍ അമേരിക്കക്കെതിരെ ആണവ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പാണ് വീഡിയോയിലുള്ളത്. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനത്തില്‍ പ്രകോപിതരായാണ് ഉത്തര കൊറിയ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ലാസ്റ്റ് ചാന്‍സ് എന്ന പേരിലുള്ള വീഡിയോ ഉത്തര കൊറിയന്‍ ന്യൂസ് വെബ്സൈറ്റായ ഡിപിആര്‍കെയാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. ദക്ഷിണ കൊറിയക്കൊപ്പം ചേര്‍ന്ന് ഉത്തര കൊറിയയെ പ്രകോപിപ്പിക്കരുതെന്ന താക്കീതാണ് വീഡിയോ നല്‍കുന്നത്.
തങ്ങളെ പ്രകോപിപ്പിച്ചാല്‍ അമേരിക്കക്ക് നേരെ ആണവാക്രമണം നടത്താന്‍ ഒട്ടും മടി കാണിക്കില്ലെന്നും ഉത്തര കൊറിയ വിഡീയോയിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.
ഭൂമിയില്‍ അമേരിക്ക എന്ന രാജ്യം അവശേഷിക്കണോയെന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണെന്നും വീഡിയോയില്‍ പറയുന്നു.
ഉത്തര കൊറിയയില്‍ നിന്ന് അമേരിക്കയിലേക്ക് മിസൈല്‍ അയക്കുന്നതിന്റെ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
ഉത്തര കൊറിയയോട് അമേരിക്കക്ക് നേരിടേണ്ടി വന്ന ചരിത്രപരമായ പരാജയങ്ങളെ കുറിച്ചും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.
യുഎസും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനം ഉത്തര കൊറിയക്കെതിരെ ആക്രമണം ശക്തമാക്കുന്നതിനുള്ള മുന്നോടിയാണെന്നാണ് ഉത്തര കൊറിയയുടെ നിലപാട്.
ദക്ഷിണ കൊറിയക്കെതിരെ ആക്രമണം നടത്താന്‍ തങ്ങളുടെ സൈന്യം സജ്ജമാണെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു.
അമേരിക്കക്ക് താക്കീത് നല്‍കുന്ന വീഡിയോ ഉത്തര കൊറിയ പുറത്ത് വിടുന്നത് ഇതാദ്യമായല്ല. 2013ല്‍ ആണവപരീക്ഷണവും ഉപഗ്രഹ വിക്ഷേപണവും നടത്തിയപ്പോഴും സമാനമായമായ വിഡിയോ ഉത്തര കൊറിയ പുറത്തിറക്കിയിരുന്നു.