ഫിഡല്‍ കാസ്ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തില്‍ വിറ്റത് 26,950 ഡോളറിന്
|ബോസ്റ്റണ്‍ കേന്ദ്രമായി ആര്‍ആര്‍ ഓക്ഷന്‍ കമ്പനിയാണ് സിഗരറ്റ് പെട്ടി ലേലത്തില്‍ വച്ചത്
ക്യൂബന്‍ വിപ്ലവനേതാവ് ഫിഡല്‍ കാസ്ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തില്‍ വിറ്റത് വന്‍തുകയ്ക്ക്. ജീവകാരുണ്യ പ്രവര്‍ത്തകയായ ഇവാ ഹാലറിന് കാസ്ട്രോ കയ്യൊപ്പിട്ടു സമ്മാനിച്ച സിഗരറ്റ് പെട്ടി 26,950 ഡോളര്‍ (17.5 ലക്ഷംരൂപ) മൂല്യത്തിനാണ് ലേലത്തില്‍ പോയത്. കുറഞ്ഞത് 20,000 ഡോളറുകളെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പെട്ടി ലേലത്തിന് വച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതിനെക്കാള്‍ തുക ലഭിക്കുകയായിരുന്നു.
കാസ്ട്രോയ്ക്കു പ്രിയപ്പെട്ട ട്രിനിഡാഡ് ഫന്‍ഡഡോഴ്സ് സിഗരറ്റുകള്‍ സൂക്ഷിച്ചിരുന്ന തടികൊണ്ടുള്ള പെട്ടിയാണ് വിറ്റത്. 24 സിഗരറ്റുകള്‍ ഉള്‍ക്കൊള്ളുന്ന പെട്ടി കാസ്ട്രോ ഒപ്പിട്ട് ഹാലറിന് സമ്മാനിക്കുകയായിരുന്നു. 'റിപ്പബ്ലവിക് ഡി ക്യൂബ' എന്ന മുദ്ര ആലേഖനം ചെയ്തതാണ് പെട്ടി. കാസ്‌ട്രോയുടെ ചിത്രങ്ങളും ഈ പെട്ടിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഒരിക്കല്‍ സിഗാര്‍ കത്തിച്ചിരിക്കവെ താനിത് ചോദിച്ചു വാങ്ങിയതാണെന്ന് ഹലര്‍ പറഞ്ഞിരുന്നു. ഈ പെട്ടി ഒപ്പിട്ടു തന്നാല്‍ വലിയ തുകയ്ക്ക് ലേലത്തില്‍ വില്‍ക്കുമെന്ന് ഹാലര്‍ കാസ്‌ട്രോയോട് പറഞ്ഞിരുന്നു. ബോസ്റ്റണ്‍ കേന്ദ്രമായി ആര്‍ആര്‍ ഓക്ഷന്‍ കമ്പനിയാണ് സിഗരറ്റ് പെട്ടി ലേലത്തില്‍ വച്ചത്.