അമേരിക്കന്‍ സാമ്പത്തിക സംവിധാനത്തിലേക്ക് ഇറാന് പ്രവേശനമില്ല
|അമേരിക്കന്‍ സാമ്പത്തിക സംവിധാനത്തിലേക്ക് ഇറാന് പ്രവേശനം നല്‍കാന്‍ ഒബാമ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന റിപ്പോര്‍ട്ടിനെ സ്ഥിരീകരിച്ച് ഉന്നത ഉദ്യോഗസ്ഥന്‍.
അമേരിക്കന്‍ സാമ്പത്തിക സംവിധാനത്തിലേക്ക് ഇറാന് പ്രവേശനം നല്‍കാന്‍ ഒബാമ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന റിപ്പോര്‍ട്ടിനെ സ്ഥിരീകരിച്ച് ഉന്നത ഉദ്യോഗസ്ഥന്‍. യുഎസ് പൊളിറ്റിക്കല്‍ അഫേഴ്സ് അണ്ടര്‍സെക്രട്ടറി തോമസ് ഷാനോനാണ് അനുമതി നല്‍കില്ലെന്ന് നിയമ നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണശ്രമം വിമര്‍ശത്തിന് കാരണമായിരുന്നു.
ഇറാന്റെ വ്യാപാര ഇടപാടുകള്‍ക്ക്‍ അമേരിക്കന്‍ ഡോളര്‍ ഉപയോഗിക്കാന്‍ ഒബാമ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണശ്രമം അമേരിക്കന്‍ നയതന്ത്രപ്രതിനിധികളുടെ വിമര്‍ശം വിളിച്ചുവരുത്തുകയും അത് അമേരിക്കന്‍ സാമ്പത്തിക സംവിധാനത്തിലേക്ക് തന്നെ ഇറാന് പ്രവേശം അനുവദിക്കുന്ന തീരുമാനത്തെ എതിര്‍ക്കാനും കാരണമായി. ഈ സാഹചര്യത്തിലാണ് യുഎസ് സാമ്പത്തിക സംവിധാനത്തിലേക്ക് ഇറാന് പ്രവേശമനുവദിക്കാന്‍ ഒബാമ സര്‍ക്കാരിന്റെ ആലോചനയില്ലെന്ന് പൊളിറ്റിക്കല്‍ അഫേഴ്സ് അണ്ടര്‍സെക്രട്ടറി തോമസ് ഷാനോന്‍ വ്യക്തമാക്കിയത്. ഒബാമ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അത്തരത്തിലുള്ള നീക്കമുണ്ടെന്ന പത്രവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം സംശയമുന്നയിച്ച നിയമനിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.
പ്രസിഡന്റ് ബരാക് ഒബാമയുടെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ഉള്‍പ്പെടുന്ന നിയമനിര്‍മ്മാതാക്കള്‍ ഇറാന് അനുമതി നല്‍കുമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വിമര്‍ശമുന്നയിച്ചിരുന്നു. അതേസമയം ജൂലൈയില്‍ ധാരണയായ അന്താരാഷ്ട്ര ആണവ കരാര്‍ പുതുക്കണമെന്നാവശ്യവും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇതിലൂടെ കരാറിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണ ശ്രമത്തെ അമേരിക്ക അപലപിക്കുന്നതായ സന്ദേശം കൈമാറാന്‍ കഴിയുമെന്നും നിയമനിര്‍മ്മാതാക്കള്‍ വിശ്വസിക്കുന്നു.