ക്യൂബക്ക് അമേരിക്കയുടെ സമ്മാനം ആവശ്യമില്ലെന്ന് ഫിദല്‍ കാസ്ട്രോ
|വര്‍ഷങ്ങളായി തുടരുന്ന ക്യൂബ - യുഎസ് നയതന്ത്രബന്ധത്തിലെ വിള്ളല്‍ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ അത്ര വേഗം ഫലം കാണില്ലെന്ന് സൂചിപ്പിച്ച് ഫിദല്‍ കാസ്ട്രോയുടെ പ്രസ്താവന.
വര്‍ഷങ്ങളായി തുടരുന്ന ക്യൂബ - യുഎസ് നയതന്ത്രബന്ധത്തിലെ വിള്ളല്‍ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ അത്ര വേഗം ഫലം കാണില്ലെന്ന് സൂചിപ്പിച്ച് ഫിദല്‍ കാസ്ട്രോയുടെ പ്രസ്താവന. അമേരിക്കയുടെ സമ്മാനങ്ങളൊന്നും ക്യൂബക്ക് ആവശ്യമില്ലെന്നാണ് ഫിദല്‍ കാസ്ട്രോയുടെ പക്ഷം. കഴിഞ്ഞയാഴ്ച ക്യൂബയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ ചരിത്ര സന്ദര്‍ശനത്തിനു പിന്നാലെയാണ് ഫിദല്‍ കാസ്ട്രോയുടെ അഭിപ്രായ പ്രകടനം. അരനൂറ്റാണ്ടിലേറെയായി ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന ശത്രുത മറക്കാനും പൊറുക്കാനുമൊന്നും തയാറാല്ലെന്നാണ് കാസ്ട്രോയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ഗ്രാന്‍മ പത്രത്തിലെഴുതിയ കോളത്തിലാണ് കാസ്ട്രോ അമേരിക്കക്കെതിരെ ചുവപ്പ് കൊടി കാണിച്ചിരിക്കുന്നത്. വാഷിങ്ടണില്‍ നിന്നു യാതൊരു സമ്മാനവും ആഗ്രഹിക്കുന്നുമില്ല, ആവശ്യവുമില്ല. ആര്‍ക്കും ഹൃദയാഘാതമുണ്ടാക്കുന്ന വാക്കുകളാണ് അമേരിക്കന്‍ പ്രസിഡന്റില്‍ നിന്നു പുറത്തുവന്നതെന്നും കാസ്ട്രോ പറയുന്നു. സാംസ്‍കാരിക, ശാസ്ത്ര, വിദ്യാഭ്യാസ വികസനത്തിലൂടെ രാജ്യം കെട്ടിപ്പടുത്ത ആദ്ധ്യാത്മിക സമ്പത്തും അവകാശങ്ങളും പ്രശസ്തിയും കുലീനതയുമൊന്നും അറിയറവെക്കുമെന്ന മിഥ്യാബോധം ആര്‍ക്കുമില്ലെന്നും കാസ്ട്രോ പറഞ്ഞു. നേരത്തെ ക്യൂബക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധം അമേരിക്ക പിന്‍വലിക്കുമെന്ന് ഒബാമ സൂചിപ്പിച്ചിരുന്നു.