ഇസ്രയേലില്‍ കാട്ടുതീ; പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു
|കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലിലെ വടക്കന്‍ മേഖലകളില്‍ കാട്ടു തീ പടര്‍ന്നു പിടിച്ചത്
ഇസ്രായേലില്‍ മൂന്ന് ദിവസമായി തുടരുന്ന കാട്ടു തീ നിയന്ത്രണ വിധേയമാക്കാനായില്ല. വടക്കന്‍ ഇസ്രായേലിലെ നിരവധി പ്രദേശങ്ങളെ ഇതിനകം കാട്ടു തീ വിഴുങ്ങി. ഇസ്രായേലിലെ ഏറ്റവും വലിയ നഗരമായ ഹൈഫയില്‍ മാത്രം എന്‍പതിനായിരം പേരെ മാറ്റിപ്പാര്‍പ്പിച്ചു. തുര്‍ക്കിയും റഷ്യയുമടക്കമുള്ള രാഷ്ട്രങ്ങള്‍ തീയണക്കാനുള്ള ശ്രമങ്ങളില്‍ ഇസ്രായേലിന് പിന്തുണയുമായി രംഗത്തുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലിലെ വടക്കന്‍ മേഖലകളില്‍ കാട്ടു തീ പടര്‍ന്നു പിടിച്ചത്. അഗ്നിശമന വിമാനങ്ങളുടേയും രക്ഷാ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മൂന്ന് ദിവസമായി തുടരുന്ന കാട്ടു തീയില്‍ ഇതിനകം നിരവധി വീടുകളും കൃഷി സ്ഥലങ്ങളും കത്തി നശിച്ചു പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ശക്തമായ കാറ്റും ചൂടുമാണ് തീ പടരാനിടയാക്കിയതെന്നാണ് പ്രഥമിക നിഗമനം. തീ നിയന്ത്രണ വിധേയമാക്കാനാവാത്ത പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിനുമായും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായും ടെലഫോണില്‍ സംസാരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു സഹായം അഭ്യര്‍ഥിച്ചു. ഇരു രാഷ്ട്രങ്ങള്‍ക്കും പുറമെ ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ എന്നീ രാഷ്ട്രങ്ങളും ഇസ്രായേലിന് സഹായം വാഗ്ദാനം ചെയ്തു. വിവിധ രാഷ്ട്രങ്ങളുടെ അഗ്നിശമന വിമാനങ്ങളും രക്ഷാ പ്രവര്‍ത്തകരും തീയണക്കാനുള്ള ശ്രമങ്ങളില്‍ സജീവമാണ്. ഏറെ നാളായി മഴ ലഭിച്ചിട്ടില്ലാത്തതിനാല്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ ദുഷ്കരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ പിടിത്തത്തിനു പിന്നില്‍ ആരെങ്കിലും ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന കാര്യവും ഇസ്രായേല്‍ പരിശോധിക്കുന്നുണ്ട്.