International Old
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ടില്ലേഴ്സണെ മാറ്റാന്‍ സാധ്യതഅമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ടില്ലേഴ്സണെ മാറ്റാന്‍ സാധ്യത
International Old

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ടില്ലേഴ്സണെ മാറ്റാന്‍ സാധ്യത

Jaisy
|
7 April 2018 10:08 AM GMT

യുഎസ് രഹസ്യാന്വേഷണ ഏജന്‍സി തലവനായ മൈക്ക് പോംപിയോയെ പകരം നിയമിക്കുമെന്ന് സൂചന

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും റെക്സ് ടില്ലേഴ്സണെ മാറ്റാന്‍ സാധ്യത. യുഎസ് രഹസ്യാന്വേഷണ ഏജന്‍സി തലവനായ മൈക്ക് പോംപിയോയെ പകരം നിയമിക്കുമെന്ന് സൂചന. എന്നാല്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ തിരുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. റെക്സ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് തന്നെ ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.

എക്സോണ്‍ മൊബില്‍ പെട്രോളിയം കമ്പനിയുടെ തലവനായിരുന്ന റെക്സ് ടില്ലേഴ്സണ്‍ 2016 ഡിസംബറിലാണ് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്. വിദേശകാര്യത്തിലും രാഷ്ട്രീയത്തിലും മുന്‍ പരിചയമില്ലാത്ത ടില്ലേഴ്സനെ അനുഭവ സമ്പത്തും പ്രദേശത്തെ രാഷ്ട്രീയ പരിചയവുമാണ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തെത്തിച്ചത്. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനും മറ്റ് ലോക നേതാക്കളുമായുള്ള ബന്ധവും അമേരിക്കയ്ക്ക് മുതല്‍ കൂട്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഭരണകൂടം. എന്നാല്‍ അധികാരമേറ്റത് മുതല്‍ നിരവധി വിഷയങ്ങളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടില്ലേഴ്സണ് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.

ഉത്തരകൊറിയയെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയപ്പോഴും വ്യത്യസ്ത നിലപാടാണ് ടില്ലേഴ്സണ്‍ സ്വീകരിച്ചത്. ചര്‍ച്ചകള്‍ക്കുള്ള സാധ്യത അമേരിക്ക അടച്ചു കളഞ്ഞു എന്നുള്ള വിമര്‍ശനവും ടില്ലേഴ്സണ്‍ നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ടില്ലേഴ്സണെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയേക്കും എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്. രഹസ്യാന്വേഷണ ഏജന്‍സി തലവനായ മൈക്ക് പോംപിയോയെ പകരം നിയമിക്കുമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ആശങ്കകള്‍ വേണ്ടെന്നും റെക്സ് ടില്ലേഴ്സനെ സ്ഥാനത്ത് നിന്നും മാറ്റില്ലെന്ന് വ്യക്തമാക്കി ട്രംപ് തന്നെ രംഗത്ത് വന്നു. എന്തായാലും ഒരാഴ്ചക്കുള്ളില്‍ പുതിയ നിയമനം ഉണ്ടാകുമെന്നാണ് വൈറ്റ് ഹൌസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Similar Posts