ഹാഫിസ് സഈദിനെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു
|വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ നിയമ പുനരവലോകന ബോര്‍ഡാണ് ഉത്തരവിട്ടത്
മുംബൈ ഭീകരാക്രമണക്കേസ് മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിനെ പാകിസ്താന്‍ വെറുതെ വിട്ടു. വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ നിയമ പുനരവലോകന ബോര്‍ഡാണ് ഉത്തരവിട്ടത്. മൂന്ന് മാസം കൂടി സഈദിന്റെ തടവ് നീട്ടണമെന്ന പാക് സർക്കാറിന്റെ ആവശ്യം ബോർഡ് അംഗീകരിച്ചില്ല.
ലഷ്കറെ ത്വയ്യിബ തലവന്‍ ഹാഫിസ് സഈദിനും ഓപറേഷന്‍സ് കമാന്‍ഡര്‍ സകിയുർ റഹ്മാൻ ലഖ്‍വിക്കുമെതിരായ ഭീകരാക്രമണക്കേസിൽ പുനരന്വേഷണം നടത്തണമെന്നും ഇന്ത്യ നല്‍കിയ തെളിവുകള്‍ പരിഗണിക്കണമെന്നും ഇന്ത്യ പാകിസ്താനോട് നിരന്തരം ആവശ്യപ്പെട്ട് വരുന്നതിനിടെയാണ് ഹാഫിസ് സഈദ് മോചിതനാകുന്നത്. മൂന്ന് മാസം കൂടി സഈദിന്റെ തടവ് നീട്ടണമെന്ന് പാക് സർക്കാർ ആവശ്യപ്പെട്ടെങ്കിലും പഞ്ചാബ് പ്രവിശ്യ നിയമ പുനരവലോകന ബോർഡ് ആവശ്യം തള്ളി.
ഭീകരവിരുദ്ധ നിയമപ്രകാരമാണ് സർക്കാർ സഈദിനെയും സഹപ്രവര്‍ത്തകരെയും 90 ദിവസത്തേക്ക് വീട്ടുതടവിലാക്കിയത്. അമേരിക്ക 10 ദശലക്ഷം ഡോളര്‍ തലക്ക് വിലയിട്ട സഈദിനെ മോചിപ്പിച്ചാൽ പാകിസ്താനെതിരെ അന്താരാഷ്ട്ര ഉപരോധമടക്കം വരാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ ബോർഡിനെ ധരിപ്പിച്ചിരുന്നു. 2008 നവംബറിൽ മുംബൈയിലുണ്ടായ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്.