അമേരിക്കയിലെ സാമ്പത്തിക സ്തംഭനം ഒഴിവായി
|സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്‍ പാസാക്കിയതോടെയാണ് സാമ്പത്തിക സ്തംഭനത്തിന് അറുതിയായത്
അമേരിക്കയിലെ സാമ്പത്തിക സ്തംഭനം ഒഴിവായി. സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്‍ പാസാക്കിയതോടെയാണ് സാമ്പത്തിക സ്തംഭനത്തിന് അറുതിയായത്.
ധനബില്‍ പാസാക്കാത്തതിനെ തുടര്‍ന്ന് മൂന്നാഴ്ചയ്ക്കിടെ രണ്ടാംതവണയും ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി അവസാനിച്ചു. റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള കോൺഗ്രസിൽ 186നെതിരെ 240വോട്ടുകൾക്കാണ് ബില്‍ പാസായത്. സൈനിക-ആഭ്യന്തര ചെലവുകള്‍ക്കായി മുപ്പതിനായിരം കോടി രൂപയാണ് ബില്ലില്‍ വകയിരുത്തിയിരുന്നത്. മാർച്ച് 23 വരെ വേണ്ട തുകയാണിത്. കോൺഗ്രസിലെ റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോളിന്റെ എതിർപ്പായിരുന്നു പ്രതിസന്ധിക്ക് കാരണം. അനുകൂല നിലപാട് എടുത്തതോടെയാണ് ബില്‍ പാസാക്കാനായത്. ട്രംപ് സർക്കാരിന്റെ കുടിയേറ്റനയത്തിൽ പ്രതിഷേധിച്ച്, െഡമോക്രാറ്റിക് പാർട്ടി സാമ്പത്തിക ബില്ലിനെതിരെ ജനുവരിയില്‍ വോട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് മൂന്ന് ദിവസം പണമില്ലാതെ സര്‍ക്കാരിന് പ്രവര്‍ത്തിക്കേണ്ടി വന്നു. കുട്ടികളായിരിക്കുമ്പോൾ യു.എസിലേക്കു കുടിയേറിയ ഏഴു ലക്ഷത്തിലേറെ പേർക്കു നൽകിയിരുന്ന താത്കാലിക നിയമസാധുത ട്രംപ് ഭരണകൂടം പിന്‍വലിച്ചതാണ് ഡെമോക്രാറ്റുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.