ഐഎസ് ശക്തികേന്ദ്രമായ റാഖ പിടിച്ചെടുക്കാനൊരുങ്ങി യു എസ് സൈന്യം
|400 യു എസ് സൈനികരാണ് സിറിയയില്‍ പുതുതായി എത്തിയിരിക്കുന്നത്. നേരത്തെയുള്ള സൈനികരെക്കൂടാതെ നാവികസേനാംഗങ്ങളെയാണ് പുതുതായി വിന്യസിച്ചിരിക്കുന്നത്
സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായ റാഖ പിടിച്ചെടുക്കാനൊരുങ്ങി യു എസ് സൈന്യം. അത്യാധുനിക യുദ്ധ സംവിധാനങ്ങളോടെ യു എസ് സൈന്യം റാഖയ്ക്ക് സമീപമുള്ള നഗരങ്ങളില്‍ നിലയുറപ്പിച്ചുകഴിഞ്ഞു. മുന്നൊരുക്കമെന്ന നിലയില്‍ കുവൈത്തിലും സിറിയയിലും കൂടുതല്‍ സൈന്യത്തെയും യു എസ് എത്തിച്ചിട്ടുണ്ട്
400 യു എസ് സൈനികരാണ് സിറിയയില്‍ പുതുതായി എത്തിയിരിക്കുന്നത്. നേരത്തെയുള്ള സൈനികരെക്കൂടാതെ നാവികസേനാംഗങ്ങളെയാണ് പുതുതായി വിന്യസിച്ചിരിക്കുന്നത്. അതിനിടെ റഖയ്ക്കടുത്ത് യുഎസ് നടത്തിയ ഷെല്ലാക്രമണത്തില്‍ ഇരുപതോളം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റാഖ പിടിച്ചെടുക്കുന്നതിനുള്ള അവസാന ആക്രമണത്തിന് മുന്‍പ് യു എസ് സ്റ്റേറ്റ് സെക്രട്ടറി സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിയേക്കും. മാര്‍ച്ച് 22ന് വാഷിങ്ടണില്‍ നടക്കുന്ന യോഗത്തിലേക്ക് 68 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. വലിയ യുദ്ധസംവിധാനങ്ങളുമായാണ് യു എസ് സൈന്യം റാഖയ്ക്ക് ചുറ്റുമുള്ള ചെറുനഗരങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നത്. അതേസമയം ഐഎസ് വിരുദ്ധ പോരാട്ടത്തിനു കരുത്തുപകരാൻ ആയിരം സൈനികരെക്കൂടി കുവൈത്തിലെ യുഎസ് സൈനിക ക്യാംപിൽ എത്തിക്കാനും തീരുമാനമായിട്ടുണ്ട്. റിസർവ് സൈന്യം എന്ന നിലയിലാണ് സൈനികരെ എത്തിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ എത്രയുംപെട്ടെന്ന് ഇടപെടാൻ ഇതുവഴി സാധ്യമാകുമെന്നു വാഷിങ്ടണിൽ യുഎസ് ഔദ്യോഗിക കേന്ദ്രങ്ങൾ വെളിപ്പെടുത്തി. അതേസമയം, കുവൈത്തിലെ യുഎസ് സൈനിക സാന്നിധ്യം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരികയെന്ന ഒബാമ ഭരണകൂടത്തിന്റെ നിലപാടിൽ നിന്നുള്ള തിരിച്ചുപോക്കാണു ട്രംപ് ഭരണകൂടത്തിന്റേതെന്ന വിലയിരുത്തൽ ശക്തമായിട്ടുണ്ട്. നിലവിൽ കുവൈത്തിൽ ആറായിരം യുഎസ് സൈനികരാണുള്ളത്.