സിറിയയെ ചൊല്ലി റഷ്യ - അമേരിക്ക ബന്ധം ഉലയുന്നു
|സിറിയയില്‍ സര്‍ക്കാര്‍ രാസായുധ പ്രയോഗം നടത്തിയെന്ന് ആരോപിച്ചാണ് അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയത്
റഷ്യ - യുഎസ് ബന്ധം കൂടുതല്‍ വഷളാകുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് റഷ്യന്‍ ദേശീയ അസംബ്ലിയായ ഡ്യൂമ. സിറിയയിലെ അമേരിക്കന്‍ നടപടിയെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഡ്യൂമയുടെ വിലയിരുത്തല്‍. ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ ഉണ്ടായിരുന്ന പ്രതീക്ഷകളെ തകര്‍ക്കുന്നതാണ് നടപടിയെന്നും വിലയിരുത്തലുണ്ട്.
സിറിയയില്‍ സര്‍ക്കാര്‍ രാസായുധ പ്രയോഗം നടത്തിയെന്ന് ആരോപിച്ചാണ് അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയത്. അമേരിക്കയുടേത് പ്രകോപനപരമായ നടപടിയായിപോയെന്ന് റഷ്യ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ ദേശീയ അസംബ്ലിയായ ഡ്യൂമ വിഷയം ചര്‍ച്ച ചെയ്തത്. നിലവിലെ സിറിയന്‍ വിഷയങ്ങളെ വഷളാക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നതെന്ന് അംഗങ്ങള്‍ വിലയിരുത്തി. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ റഷ്യ - യുഎസ് ബന്ധം മികച്ചതാകുമെന്ന പ്രതീക്ഷകളെ തകര്‍ക്കുന്നതായി ഇപ്പോഴത്തെ നടപടി. സിറിയയില്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അംഗങ്ങള്‍ നിലപാടെടുത്തു
റഷ്യയെ അറിയിച്ചതിന് ശേഷമാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന യുഎസ് വാദത്തെ പൂര്‍ണമായും റഷ്യ തള്ളി. അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ യുഎന്‍ അടിയന്തരമായ ഇടപെടല്‍ നടത്തണമെന്നും ആവശ്യമുയര്‍ന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് അടുത്തയാഴ്ച മോസ്കോ സന്ദര്‍ശിക്കാനിരിക്കെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.