ട്രംപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി ജയിംസ് കോമി
|എഫ്ബിഐ മുന്‍ മേധാവിയുടെ പുതിയ വെളിപ്പെടുത്തല്‍ സത്യമെന്ന് തെളിഞ്ഞാല്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ട്രംപ് ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് വിധേയനാകേണ്ടിവരും..
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനും ഭരണകൂടത്തിനുമെതിരെ രൂക്ഷവിമര്‍ശവും വെളിപ്പെടുത്തലുമായി എഫ്ബിഐ മുന്‍ മേധാവി ജയിംസ് കോമി. തന്നോട് കൂറ് പുലര്‍ത്തണമെന്ന് ട്രംപ് മുന്‍പ് ആവശ്യപ്പെട്ടതായാണ് കോമിന്‍റെ പുതിയ വെളിപ്പെടുത്തല്‍.
ഡോണള്‍ഡ് ട്രംപ് പുറത്താക്കിയ മുന്‍ എഫ്ബിഐ മേധാവി ജയിംസ് കോമിനെ യുഎസ് കോണ്‍ഗ്രസില്‍ മൊഴി നല്‍കിയപ്പോഴാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. തന്നോട് വിധേയത്വവും, കൂറും പുലര്‍ത്തുന്നവരെയാണ് തനിക്ക് ആവശ്യമെന്ന് ട്രംപ് പറഞ്ഞതായി കോമി വെളിപ്പെടുത്തി. ഇതു സംബന്ധിച്ച് ട്രംപും കോമിയും നടത്തിയ ആശയവിനിമയങ്ങളുടെ രേഖകള്‍ ഇന്‍റലിജന്‍സിന്‍റെ സെലക്ട് സെനറ്റ് കമ്മിറ്റി വെളിപ്പെടുത്തി. കോമിന്‍റെ ആവശ്യപ്രകാരമാണ് കോണ്‍ഗ്രസില്‍ വച്ച് രേഖകള്‍ സെനറ്റ് കമ്മിറ്റി വെളിപ്പെടുത്തിയത്.
അമേരിക്കന്‍ പ്രസിഡന്‍റ്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഇടപെടല്‍ നടത്തിയെന്ന് മുന്പ് കോമി വെളിപ്പെടുത്തിയുരുന്നു. ഇതു സംബന്ധിച്ച വിശദീകരണം ഇന്നലെ യുഎസ് കോണ്‍ഗ്രസില്‍ നല്‍കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി ജയിംസ് കോമി രംഗത്തെത്തിയത്.
തന്‍റെ വാക്കുകള്‍ പ്രസിഡന്‍റ് ട്രംപിനെ അസ്വസ്ഥനാക്കുന്നുണ്ട്. അതിനാലാണ് തനിക്കെതിരെയും എഫ്ബിഐയ്ക്കെതിരെയും അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത് എഫ്ബിഐ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും ജയിംസ് കോമി പറയുന്നു. എഫ്ബിഐ മുന്‍ മേധാവിയുടെ പുതിയ വെളിപ്പെടുത്തല്‍ സത്യമെന്ന് തെളിഞ്ഞാല്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ട്രംപ് ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് വിധേയനാകേണ്ടിവരും.