International Old
മൌസിലില്‍ ഇറാഖ് സേനയുടെ മുന്നേറ്റംമൌസിലില്‍ ഇറാഖ് സേനയുടെ മുന്നേറ്റം
International Old

മൌസിലില്‍ ഇറാഖ് സേനയുടെ മുന്നേറ്റം

Alwyn K Jose
|
14 April 2018 3:09 PM GMT

സമീപ പ്രദേശമായ കുഗ്ജലിയുടെ ടെലിവിഷന്‍ കേന്ദ്രവും സൈന്യം പിടിച്ചെടുത്തു. ഉടന്‍ നഗരത്തിനുള്ളില്‍ പ്രവേശിക്കാനാകുമെന്ന് ഇറാഖ് സൈന്യം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇറാഖ് സൈന്യം മൌസിലിന്റെ നഗരാതിര്‍ത്തികളില്‍ പ്രവേശിച്ചു. സമീപ പ്രദേശമായ കുഗ്ജലിയുടെ ടെലിവിഷന്‍ കേന്ദ്രവും സൈന്യം പിടിച്ചെടുത്തു. ഉടന്‍ നഗരത്തിനുള്ളില്‍ പ്രവേശിക്കാനാകുമെന്ന് ഇറാഖ് സൈന്യം പ്രതീക്ഷ പ്രകടിപ്പിച്ചു.

രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇറാഖി സേനക്ക് മൌസിലിന് തൊട്ടടുത്തെത്താനായത്. മൌസിലിലേക്കുള്ള കവാട ഗ്രാമമായ ബസ് വായ പിടിച്ചെടുത്തിന് പിന്നാലെ കുഗ്ജലിയും ജുദായത്തുല്‍ മുഫ്തിയും സൈന്യം നിയന്ത്രണത്തിലാക്കി. കുഗ്ജലില്‍ ഐഎസ് നിയന്ത്രണത്തിലായ ടെലിവിഷന്‍ കേന്ദ്രം സൈന്യം പിടിച്ചെടുത്തു. രണ്ടാഴ്ചയായി തുടരുന്ന ആക്രമണത്തില്‍ സൈന്യത്തിന്റെ നിര്‍ണായക നേട്ടമാണിത്. ഇസ്‍ലാമിക് സ്റ്റേറ്റിന്റെ അധീനതയിലുള്ള പ്രധാന കെട്ടിടം സൈന്യം പിടിച്ചെടുക്കുന്നതും ആദ്യമായാണ്.

ഇറാഖ് സൈന്യത്തിനെതിരെ ഐഎസ് തീവ്രവാദികള്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മൌസിലിന് ചുറ്റുമുള്ള ഇന്ധന കിണറുകള്‍ക്ക് ഐഎസ് തീവെച്ചതായും സംശയമുണ്ട്. ആകാശം ഇരുണ്ടിരിക്കുന്നതായും സൈന്യത്തെ പ്രതിരോധിക്കാന്‍ ഐഎസ് എണ്ണ കിണറുകള്‍ക്ക് തീവെച്ചിരിക്കാമെന്നും കുര്‍ദ് പെഷമര്‍ഗകള്‍ പറഞ്ഞു.

കുര്‍ദ് പെഷമര്‍ഗ സേനയും ശിയാ മീലീഷ്യകളും പോരാട്ടരംഗത്തുണ്ട്. യുഎസ് പിന്തുണയോടെയുള്ള വ്യോമാക്രണം മേഖലയില്‍ ശക്തമാണ്.
മൌസിലിലെ ഐഎസുകാരുടെ എണ്ണം പതിനായിരത്തില്‍ കൂടില്ലെന്നാണ് സൈന്യത്തിന്റെ നിഗമനം. ഐഎസ് തീവ്രവാദികള്‍ ഉടന്‍ കീഴടങ്ങുകയോ അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാകുകയോ വേണമെന്ന് ഹൈദര്‍ അല്‍ അബാദി കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. ഒക്ടോബര്‍ 17 നാണ് ഐഎസിന്റെ ശക്തികേന്ദ്രമായ മൌസില്‍ പിടിച്ചെടുക്കാനുള്ള ദൌത്യം ഇറാഖ് സൈന്യം ആരംഭിച്ചത്. മൌസില്‍ കീഴടക്കാനായാല്‍ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക നേട്ടം കൈവരിക്കാനാകുമെന്നാണ് അമേരിക്കയുടെ കണക്ക് കൂട്ടല്‍.

Related Tags :
Similar Posts