സിറിയ: കരാര്‍ ലംഘനത്തിന് കാരണം അമേരിക്കയെന്ന് റഷ്യ
|സിറിയന്‍ പ്രശ്നത്തില്‍ പരിഹാരം കാണാന്‍ അമേരിക്കയും റഷ്യയുമുണ്ടാക്കിയ കരാറുമായി മുന്നോട്ട് പോവണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‍റോവ്.
സിറിയന്‍ പ്രശ്നത്തില്‍ പരിഹാരം കാണാന്‍ അമേരിക്കയും റഷ്യയുമുണ്ടാക്കിയ കരാറുമായി മുന്നോട്ട് പോവണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‍റോവ്. അതേസമയം കരാര്‍ പരാജയപ്പെട്ടതിന് ഉത്തരവാദി അമേരിക്കയാണെന്നും അദ്ദേഹം പരോക്ഷമായി കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
റഷ്യയും അമേരിക്കയുമുണ്ടാക്കിയ ഏഴ് ദിവസം നീണ്ട വെടിനിര്‍ത്തല്‍ കരാര്‍ കഴിഞ്ഞ ദിവസം പരാജയപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സര്‍ക്കാര്‍ വിമത മേഖലയില്‍ വ്യാഴാഴ്ച രാത്രിമുതല്‍ ആക്രമണം ശക്തമാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവിന്റെ പ്രതികരണം. അമേരിക്കന്‍ പിന്തുണയുള്ള വിമതസൈന്യത്തെ നിയന്ത്രിക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടെന്ന് അദ്ദേഹം പരോക്ഷമായി കുറ്റപ്പെടുത്തി.
തീവ്രവാദ സംഘമായ നുസ്റ വിമതരില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടാല്‍ മാത്രമേ ഏത് വെടിനിര്‍ത്തല്‍ കരാറിനും അര്‍ത്ഥമുണ്ടാവുകയുള്ളൂവെന്നും സെര്‍ജി ലവ്റോവ് ചൂണ്ടിക്കാട്ടി. സിറിയന്‍ പ്രശ്നത്തിന് മറ്റ് പരിഹാര മാര്‍ഗമില്ലാത്തതിനാല്‍ ഇരുരാജ്യങ്ങളുമുണ്ടാക്കിയ കരാര്‍ പുനരുജ്ജീവിപ്പിക്കല്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേമസയം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സെര്‍ജി ലവ്റോവുമായി ചര്‍ച്ച നടത്തിയതായും ചര്‍ച്ചയില്‍ പുരോഗതിയുണ്ടായതായും പ്രതികരിച്ചു.