International Old
ജപ്പാനില്‍ വീണ്ടും ഭൂകമ്പംജപ്പാനില്‍ വീണ്ടും ഭൂകമ്പം
International Old

ജപ്പാനില്‍ വീണ്ടും ഭൂകമ്പം

admin
|
17 April 2018 6:32 AM GMT

ദക്ഷിണ ജപ്പാനില്‍ വീണ്ടും ഭൂചലനം. ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തില്‍ ആറു പേര്‍ മരിച്ചു.

ദക്ഷിണ ജപ്പാനില്‍ വീണ്ടും ഭൂചലനം. ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തില്‍ ആറു പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 24 മണിക്കൂറിനിടെ ജപ്പാനിലുണ്ടാകുന്ന രണ്ടാമത്തെ ശക്തമായ ഭൂചലനമാണിത്. ഇതോടെ രണ്ടു ഭൂചലനങ്ങളിലുമായി മരിച്ചവരുടെ എണ്ണം 29 ആയി. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സൈന്യത്തെ വിനിയോഗിച്ചു.

ജപ്പാന്‍ നഗരമായ കുമാമോട്ടോയിലാണ് ഇന്നലെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത ആണ് രേഖപ്പെടുത്തിയത്. കുമാമോട്ടോയിലുണ്ടായ ഭൂചലനത്തിന് ശേഷം ജപ്പാന്‍ ദ്വീപായ ക്യൂഷുവിലും തുടര്‍ചലനങ്ങളുണ്ടായി. ഭൂചലനത്തെ തുടര്‍ന്ന് ആറു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തകര്‍ന്ന വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. റോഡുകള്‍ക്ക് വിള്ളലേറ്റത് ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. അതേ സമയം സെന്‍ഡായ് ആണവ നിലയത്തെ ഭൂചലനം ബാധിച്ചിട്ടില്ലെന്ന് നൂക്ലിയര്‍ റെഗുലേഷന്‍ അതോറിറ്റി അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും പ്രദേശത്ത് തുടര്‍ചലനങ്ങള്‍ ഉണ്ടാകുന്നത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. 24 മണിക്കൂറിനിടെയുണ്ടായ രണ്ടാമത്തെ ഭൂചലനത്തില്‍ പ്രദേശവാസികളുടെ ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ മാഷികി പട്ടണത്തിലുണ്ടായ ഭൂചലനത്തില്‍ 23 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 3000 ത്തിലധികം പൊലീസും അഗ്നിശമന സേനാ പ്രവര്‍ത്തകരുമാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 40,000ത്തിലധികം പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി.

Similar Posts