തിരക്കാണ്, നൊബേല്‍ വാങ്ങാനെത്തില്ലെന്ന് ബോബ് ഡിലന്
|മുന്‍കൂട്ടി നിശ്ചയിച്ച വ്യക്തിപരമായ ആവശ്യങ്ങളുള്ളതിനാല്‍ നിര്‍ഭാഗ്യവശാല്‍ എത്താന്‍ കഴിയില്ല എന്നാണ് സ്വീഡിഷ് അക്കാദമിക്ക് അയച്ച കത്തില്‍ ബോബ് ഡിലന്‍ പറയുന്നത്
സാഹിത്യത്തിനുള്ള നൊബേല്‍ ജേതാവ് ബോബ് ഡിലന്‍ പുരസ്കാരം ഏറ്റുവാങ്ങാനെത്തില്ല. പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നറിയിച്ചുകൊണ്ടുള്ള ഡിലന്റെ കത്ത് ലഭിച്ചതായി സ്വീഡിഷ് അക്കാദമി അറിയിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച വ്യക്തിപരമായ ആവശ്യങ്ങളുള്ളതിനാല്‍ നിര്‍ഭാഗ്യവശാല്‍ എത്താന്‍ കഴിയില്ല എന്നാണ് സ്വീഡിഷ് അക്കാദമിക്ക് അയച്ച കത്തില്‍ ബോബ് ഡിലന്‍ പറയുന്നത്. ഡിലന് പകരം ആര് പുരസ്കാരം ഏറ്റുവാങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല. ഡിലന്റെ തീരുമാനത്തെ മാനിക്കുന്നു എന്നായിരുന്നു സ്വീഡിഷ് അക്കാദമിയുടെ പ്രതികരണം. പുരസ്കാരം ഏറ്റുവാങ്ങാന്‍ പുരസ്കാര ജേതാവ് എത്താത്തത് പതിവില്ലാത്തതാണെങ്കിലും അസാധാരണമായ കാര്യമല്ലെന്നും അക്കാദമി പറയുന്നു. ഇതാദ്യമായല്ല നൊബേല്‍ ജേതാക്കള്‍ പുരസ്കാരം ഏറ്റുവാങ്ങാനെത്താതിരിക്കുന്നത്. പ്രായാധിക്യത്താല്‍ നോവലിസ്റ്റ് ഡോറിസ് ലെസ്സിങ്ങും അനാരോഗ്യം മൂലം സാഹിത്യകാരന്‍ ഹാരോള്‍ഡ് പിന്ററും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാനുള്ള മടിമൂലം സാഹിത്യകാരന്‍ എല്‍ഫ്രിഡ് ജെലിനികും പുരസ്കാര വിതരണ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിട്ടുണ്ട്. ഏറ്റുവാങ്ങിയില്ലെങ്കിലും ഈ പുരസ്കാരം ബോബ് ഡിലന് തന്നെയുള്ളതാണെന്നും അക്കാദമി പറയുന്നു. ഡിസംബര്‍ പത്തിന് സ്റ്റോക്ക്ഹോമിലാണ് നൊബേല്‍ പുരസ്കാര വിതരണ ചടങ്ങ്.