സിറിയയിലെ രാസായുധഅക്രമം: അന്വേഷണം നടത്തുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി
|രാസായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ കീഴില്‍ ഒരു പ്രത്യേക സംഘമാകണം അന്വേഷിക്കേണ്ടതെന്നും സിറിയ, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിയുടെ യോഗത്തില്‍ ധാരണ
സിറിയയിലെ രാസായുധാക്രമണത്തെ കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനമായി. സിറിയ, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിയുടെ യോഗത്തിലാണ് ധാരണ. റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലാണ് മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ യോഗം ചേര്‍ന്നത്. ഏപ്രില്‍ നാലിന് ഖാന്‍ ഷെയ്‍കൂന്‍ മേഖലയില്‍ നടന്ന ആക്രമണത്തെ കുറിച്ച് നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ അന്വേഷണം നടത്തുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.
രാസായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ കീഴില്‍ ഒരു പ്രത്യേക സംഘമാകണം അന്വേഷിക്കേണ്ടതെന്നും അംഗങ്ങള്‍ പറഞ്ഞു. സിറിയന്‍ സര്‍ക്കാര്‍ കൈവശം രാസായുധങ്ങളില്ലെന്നും ഇത് രാസായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനക്ക് 2014 ല്‍ തന്നെ ബോധ്യമായതെന്നും സിറിയന്‍ വിദേശകാര്യമന്ത്രി വാലിദ് അല്‍ മുഅല്ലിം പറഞ്ഞു. പിന്നെ എങ്ങനെയാണ് ഇപ്പോള്‍ ആക്രമണം നടത്തുകയെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ നടന്ന ആക്രമണത്തെ സിറിയന്‍ അധികൃതര്‍ വലിയ കുറ്റമായാണ് കാണുന്നതെന്നും വാലിദ് അല്‍ മുഅല്ലിം വ്യക്തമാക്കി.
ഏകപക്ഷീയമായ തീരുമാനങ്ങളും നടപടികളുമാണ് എല്ലാ കാലത്തും എല്ലാവര്‍ക്കും തിരിച്ചടിയായിട്ടുള്ളതെന്നും അതുകൊണ്ടാണ് സംയുക്തമായി ഒരു തീരുമാനത്തിലെത്തിയതെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫും പറഞ്ഞു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എണ്‍പതിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് വിവിധ ലോകരാജ്യങ്ങള്‍ അസദ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. രാസായുധാക്രമണത്തെ തുടര്‍ന്ന് അമേരിക്ക സിറിയന്‍ വ്യോമകേന്ദ്രത്തില്‍ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു.