International Old
തുര്‍ക്കിയില്‍ ഇന്ന് ഹിതപരിശോധനതുര്‍ക്കിയില്‍ ഇന്ന് ഹിതപരിശോധന
International Old

തുര്‍ക്കിയില്‍ ഇന്ന് ഹിതപരിശോധന

Ubaid
|
21 April 2018 12:44 PM GMT

ഭരണസംവിധാനം പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറണോ വേണ്ടയോ എന്ന കാര്യത്തിലാണ് ഇന്ന് ഹിതപരിശോധന നടക്കുക

തുര്‍ക്കിയില്‍ ഇന്ന് ഹിതപരിശോധന. പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനത്തിലേക്ക് മാറണോ എന്ന കാര്യത്തിലാണ് തുര്‍ക്കി ജനത ഇന്ന് വിധിയെഴുതുക. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍റെ നയങ്ങളോടുള്ള ജനപിന്തുണ കൂടി വെളിപ്പെടുന്നതാകും ഹിതപരിശോധന.

ഭരണസംവിധാനം പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറണോ വേണ്ടയോ എന്ന കാര്യത്തിലാണ് ഇന്ന് ഹിതപരിശോധന നടക്കുക. യെസ് എന്നും നോ എന്നുമുള്ള രണ്ട് സാധ്യതകളാണ് ജനങ്ങള്‍ക്ക് മുന്നിലുള്ളത്.

ഭരണ കക്ഷിയായ ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാര്‍ട്ടിയും നാഷണല്‍ മൂവ്മെന്റ് പാര്‍ട്ടിയുമാണ് ഹിതപരിശോധന മുന്നോട്ട് വെച്ചത്. ഹിതപരിശോധന വിജയിച്ചാല്‍ പ്രധാനമന്ത്രി പദം ഇല്ലാതാകും. പാര്‍ലമെന്ററി സംവിധാനത്തിന് പകരം പ്രസിഡന്‍ഷ്യല്‍ സംവിധാനം നിലവില്‍ വരും. ഇതോടെ പ്രസിഡന്റിന് കൂടുതല്‍ അധികാരം കൈവരും. പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം 550 ല്‍ നിന്ന് 600 ആക്കി ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ഹിതപരിശോധനയില്‍ വിലയിരുത്തുക.

പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആണ് യെസ് പക്ഷത്തിന് ചുക്കാന്‍ പിടിക്കുന്നത്. 51 മുതല്‍ 53 ശതമാനം വരെ വോട്ട് നേടി യെസ് പക്ഷം വിജയിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. പ്രസിഡന്‍ഷ്യല്‍ സംവിധാനം ഭരണം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നാണ് ഉര്‍ദുഗാന്‍ പക്ഷത്തിന്റെ വാദം. കുര്‍ദുകള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിനെതിരെ രംഗത്തുള്ളത്.

എന്നാല്‍ നിലവിലെ സംവിധാനത്തിന് പോരായ്മകളില്ലെന്നും ഉര്‍ദുഗാന് ആധിപത്യം നേടാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍ എന്നുമാണ് മറുപക്ഷത്തിന്റെ വാദം. ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഉര്‍ദുഗാന്റെ ഈ നീക്കത്തിന് എതിരാണ്. പട്ടാള അട്ടിമറി ശ്രമത്തെതുടര്‍ന്നുള്ള അടിയന്തരാവസ്ഥക്കിടയിലാണ് ഹിതപരിശോധന. വിദേശത്തുള്ള തുര്‍ക്കി പൌരന്‍മാരുടെ വോട്ടിങ് കഴിഞ്ഞ ഞായറാഴ്ച പൂര്‍ത്തിയായിരുന്നു. പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിന് അനുകൂലമായി ജനം വിധി എഴുതിയാല്‍ 2029 വരെ ഉര്‍ദുഗാന് ഭരണത്തിലിക്കാന്‍ അവസരം ഒരുങ്ങും.

Similar Posts